മുംബൈ : നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഫിനിഷറുടെ റോളില്‍ കളിക്കാന്‍ വെറ്ററൻ ക്രിക്കറ്റര്‍ ദിനേഷ് കാര്‍ത്തിക്കിനാവുമെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഐപിഎല്ലില്‍ തന്‍റെ പുതിയ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി താരം നടത്തുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവാസ്‌കർ ഇക്കാര്യം പറഞ്ഞത്.
"ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവന്‍ (കാര്‍ത്തിക്) പറഞ്ഞിരുന്നു. അതിനാൽ ഞാൻ പറയുന്നത് അവന്‍റെ പ്രായം നോക്കരുത്, അവന്‍റെ പ്രകടനം നോക്കണമെന്നാണ് " - ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
"അവൻ തന്‍റെ പ്രകടനത്തിലൂടെ കളിയെ തന്നെ മാറ്റി മറിക്കുകയാണ്. തന്‍റെ ടീമിന് വേണ്ടിയാണവന്‍റെ പ്രകടനം. ടി20 ലോകകപ്പിൽ ആറാം സ്ഥാനത്തോ, ഏഴാം സ്ഥാനത്തോ കളിക്കുന്നയാള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ജോലിയാണ് അവന്‍ ചെയ്യുന്നത് " - ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ടി20 ലോകകപ്പ് അരങ്ങേറുക. അതേസമയം ഐപിഎല്ലില്‍ ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ നടത്തുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ 32, 14, 44, 7, 34, 66 എന്നിങ്ങനെയാണ് താരത്തിന്‍റെ പ്രകടനം. ആറ് ഇന്നിംഗ്‌സുകളിൽ അഞ്ചിലും പുറത്താകാതെ നിന്ന താരത്തിന്‍റെ ശരാശരി 197.00 ആണ്. 209.57 ആണ് സ്‌ട്രൈക്ക് റേറ്റ്.
also read: IPL 2022 | ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിങ്സ് മത്സരത്തിന്‍റെ വേദി മാറ്റി
ഇന്ത്യയ്‌ക്കായി 26 ടെസ്റ്റുകളിലും 94 ഏകദിനങ്ങളിലും 32 ടി20യിലും കളിച്ച 36കാരൻ 2019ലെ ഐസിസി ലോകകപ്പിലാണ് ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്. അന്ന് ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തില്‍ തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായിരുന്നു.