ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റിന്‍റെ പുരോഗതിക്കായി തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിരാട് കോലിയും ബിസിസിഐയും തയ്യാറാവണമെന്ന് മുൻ നായകൻ കപിൽ ദേവ്. ഏകദിന ടീമിന്‍റെ നായക സ്ഥാനത്തെച്ചൊല്ലി കോലിക്കും ബിസിസിഐക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കപിലിന്‍റെ പ്രതികരണം.
"അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ അവർ പരിഹരിക്കേണ്ടതായിരുന്നു. ഫോൺ എടുക്കുക, പരസ്പരം സംസാരിക്കുക, നാടിനെയും ടീമിനെയും നിങ്ങളുടെ മുൻപിൽ നിർത്തുക.
തുടക്കത്തിൽ, ഞാന്‍ ആഗ്രഹിച്ചതെല്ലാം എനിക്കും ലഭിച്ചു. പക്ഷേ ചിലപ്പോൾ അത് ലഭിക്കണമെന്നില്ല. നിങ്ങള്‍ നായകസ്ഥാനം വിടണമെന്നല്ല അതർത്ഥമാക്കുന്നത്.
ഇക്കാരണത്താലാണ് അവന്‍ നായസ്ഥാനം ഉപേക്ഷിച്ചതെങ്കില്‍ എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. അവൻ ഒരു മികച്ച കളിക്കാരനാണ്. അവന്‍ കൂടുതൽ കളിക്കുന്നതും റൺസ് നേടുന്നതും കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും, ടെസ്റ്റ് ക്രിക്കറ്റില്‍" ഒരുമാഗസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ പറഞ്ഞു.
also read: 'ഞങ്ങള്‍ തയ്യാറെടുക്കുകയാണ്'; ഐസിസിയുടെ മികച്ച വനിത ക്രിക്കറ്റര്‍ മനസ് തുറക്കുന്നു
അതേസമയം കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.