ലണ്ടന്‍: 2019ലെ ഏകദിന ലോകകപ്പ് (ODI World Cup 2019) ഇംഗ്ലണ്ടിലേക്ക് (England) എത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് (Ben Stokes). അന്ന്, ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഉള്‍പ്പടെ ടീമിന്‍റെ പോരാട്ടത്തെ മുന്നില്‍ നിന്നും നയിക്കാന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ മികച്ച രീതിയില്‍ തന്നെ കളി തുടരുന്നതിനിടെയാണ് താരം ഈ ഫോര്‍മാറ്റില്‍ നിന്നു അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്ത സ്റ്റോക്‌സ്, ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഏകദിനത്തില്‍ നിന്നും വിരമിച്ചത്. പിന്നീട് ടി20യിലും താരം ഇംഗ്ലണ്ടിനായി കളിച്ചിരുന്നു. 2022ലെ ടി20 ലോകകപ്പ് ഇംഗ്ലീഷ് മണ്ണിലേക്ക് എത്തുന്നതിലും താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഇപ്പോള്‍, മറ്റൊരു ക്രിക്കറ്റ് ലോകകപ്പിനായുള്ള ഒരുക്കങ്ങളിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള ഓരോ ടീമും. ഇതിന്‍റെ ഭാഗമായി അടുത്തിടെ അവര്‍ തങ്ങളുടെ പ്രാഥമിക ലോകകപ്പ് സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ഏകദിന ടീമിലേക്ക് ബെന്‍ സ്റ്റോക്‌സിന്‍റെ മടങ്ങിവരവ്.
നേരത്തെ, ആഷസ് പരമ്പരയ്‌ക്ക് മുന്‍പായി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മൊയീന്‍ അലി (Moeen Ali) ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബെന്‍ സ്റ്റോക്‌സിന്‍റെ മടങ്ങിവരവും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ടീം പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) സ്റ്റാര്‍ ഓള്‍റൗണ്ടറെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ജോസ് ബട്‌ലര്‍.
തീരുമാനം സ്റ്റോക്‌സിന്‍റെത്...: ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരിക എന്നുള്ളത് ബെന്നിന്‍റെ മാത്രം തീരുമാനമാണ്. അയാളെ ഇക്കാര്യം പറഞ്ഞ് ആരും പ്രേരിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതിനെ കുറിച്ച് ഞങ്ങള്‍ മുന്‍പ് സംസാരിച്ചിരുന്നു.
ടീമിലേക്ക് തിരികെ വരാന്‍ താത്‌പര്യമുണ്ടെങ്കില്‍ ഒരു തീരുമാനമെടുക്കാനായി എല്ലാം അവന് ഞങ്ങള്‍ വിട്ടുനല്‍കിയിരുന്നു. ഇപ്പോള്‍, തിരിച്ചുവരണം എന്ന് സ്റ്റോക്‌സിന് തോന്നിയതില്‍ ഞങ്ങളും സന്തോഷവാന്മാരാണ്.
സ്വന്തമായി ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് ബെന്‍ സ്റ്റോക്‌സ്. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഞാന്‍ തിരിച്ചു വരണം എന്ന് പറഞ്ഞാല്‍ പോലും അത് കേള്‍ക്കാന്‍ സ്റ്റോക്‌സ് തയ്യാറായേക്കില്ല.
ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് പ്രാഥമിക സ്ക്വാഡ്: ജോണി ബെയർസ്റ്റോ, ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), ജേസൺ റോയ്, ഡേവിഡ് മലാൻ, മൊയിൻ അലി, ബെൻ സ്റ്റോക്‌സ്, ജോ റൂട്ട്, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് വില്ലി, സാം കറൻ, ആദിൽ റഷീദ്, ക്രിസ് വോക്‌സ്, റീസ് ടോപ്ലി, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ.
Also Read : ആരാണ് 'ഗസ് അറ്റ്കിൻസണ്‍'; ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ സർപ്രൈസ് എൻട്രിയുമായി അണ്‍ക്യാപ്പ്‌ഡ് താരം