ന്യൂഡൽഹി : ഐപിഎല്ലിന്‍റെ 16-ാം സീസണ്‍ കൊടിയേറാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ പല താരങ്ങളും പല കാരണങ്ങളാൽ ഐപിഎല്ലിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. താരങ്ങളുടെ അപ്രതീക്ഷിത പിൻവാങ്ങല്‍ പല ടീമുകളുടേയും കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചിരിക്കുകയാണ്. ഇപ്പോൾ ടൂർണമെന്‍റിന് തയ്യാറെടുക്കുന്ന പഞ്ചാബ് കിങ്‌സിനെത്തേടിയാണ് ഇത്തരമൊരു തിരിച്ചടിയെത്തിയിരിക്കുന്നത്.
പഞ്ചാബിന്‍റെ ഇംഗ്ലീഷ് സൂപ്പർ താരം ജോണി ബെയർസ്റ്റോ ഈ സീസണിൽ കളിക്കാനെത്തിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ആഷസ് പരമ്പര മുൻനിർത്തി താരത്തിന് എൻഒസി നൽകാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അനുമതി നിഷേധിച്ചതാണ് കാരണം. 33 കാരനായ ബെയർസ്റ്റോ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണ്.
ഗോൾഫ് കോഴ്‌സിൽവച്ചുണ്ടായ അപകടത്തെത്തുടർന്ന് കാലിൽ ഒന്നിലധികം ഒടിവുകളാണ് ബെയർസ്റ്റോയ്‌ക്കുണ്ടായത്. ഇതിനെത്തുടർന്ന് ഇംഗ്ലണ്ട് കിരീടം നേടിയ ഇത്തവണത്തെ ടി20 ലോകകപ്പ്, പാകിസ്ഥാൻ ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരായ ടെസ്റ്റ് പര്യടനങ്ങൾ എന്നിവയും താരത്തിന് നഷ്‌ടമായിരുന്നു.
പരിക്ക് പൂർണമായും ഭേദമാകാത്തതിനാലും താരത്തിന് നീണ്ട വിശ്രമം ആവശ്യമായതിനാലും ഐപിഎല്ലിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 6.75 കോടി രൂപയ്ക്കാണ് ജോണി ബെയർസ്റ്റോയെ ഇത്തവണ പഞ്ചാബ് സ്വന്തമാക്കിയത്.
അതേസമയം പരിക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബിന്‍റെ മറ്റൊരു ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റണിന് ഐപിഎല്ലിൽ പങ്കെടുക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകി. ലിയാം ലിവിങ്‌സ്റ്റണിനെ 11.50 കോടി രൂപയ്‌ക്കാണ് പഞ്ചാബ് ഇത്തവണത്തെ ലേലത്തിൽ സ്വന്തമാക്കിയത്.
29 കാരനായ താരത്തിന് 2022 ൽ യുകെയിൽ നടന്ന ഹൺഡ്രഡ് ടൂർണമെന്‍റിനിടെയാണ് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് താരം നീണ്ട നാൾ ചികിത്സയിലായിരുന്ന താരം അടുത്തിടെ ദുബായിൽ നടന്ന ലങ്കാഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്‍റെ ഓഫ് സീസൺ പരിശീലനത്തിൽ പങ്കെടുത്ത് തന്‍റെ തിരിച്ചുവരവ് അറിയിച്ചിരുന്നു.
കൊൽക്കത്തയ്‌ക്കും തിരിച്ചടി: അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസന്‍റെ പരിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്കേറ്റ പരിക്ക് മൂലം ലോക്കി ഫെർഗൂസണിന് ഐപിഎല്ലിലെ ആദ്യത്തെ മത്സരങ്ങൾ നഷ്‌ടമാകുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ പുറത്തായതിന് പിന്നാലെയാണ് ഫെർഗൂസന്‍റെ പരിക്കും ടീമിന് തിരിച്ചടി നൽകിയിരിക്കുന്നത്.
ഓക്‌ലൻഡിനായി ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നതിനിടെയാണ് ലോക്കി ഫെർഗൂസണിന് തുടയിൽ പരിക്കേറ്റത്. ഇതോടെ മറ്റെന്നാൾ ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയതായും ന്യൂസിലാൻഡ് ബോളിങ് കോച്ച് ഷെയ്‌ൻ ജർഗൻസൻ പറഞ്ഞു. പാറ്റ് കമ്മിൻസിനും ടിം സൗത്തിക്കും പുറമെ കൊൽക്കത്തയുടെ പ്രധാന പേസ് കരുത്താണ് ലോക്കി ഫെർഗൂസണ്‍.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഭാഗമായിരുന്നു ലോക്കി ഫെര്‍ഗൂസന്‍. സീസണിൽ 14 മത്സരങ്ങളില്‍ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരുന്നത്. 157.3 കിലോ മീറ്റര്‍ വേഗത്തില്‍ ഫെര്‍ഗൂസനെറിഞ്ഞ പന്തായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും വേഗമേറിയ പന്ത്.