ലണ്ടൻ : ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങി ജോ റൂട്ട്. താരത്തിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീം ആഷസ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് റൂട്ടിന്‍റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ നായകൻ എന്ന നേട്ടവുമായാണ് റൂട്ട് പിൻവാങ്ങുന്നത്. 2017ൽ അലിസ്റ്റർ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ടിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. 64 മത്സരങ്ങളിൽ ടീമിനെ നയിച്ച റൂട്ട് 27 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്കെത്തിച്ചു. 26 മത്സരങ്ങളിൽ തോൽവിയും വഴങ്ങി. എന്നാൽ ഒടുവിൽ കളിച്ച 17 മത്സരത്തിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായത്.
റൂട്ടിന്‍റെ നേതൃത്വത്തിൽ ഇംഗ്ലീഷ് പട ഇന്ത്യക്കെതിരെ ഇന്ത്യയിലും സ്വന്തം മണ്ണിലും ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ കഴിഞ്ഞ ഡിസംബറിൽ നടന്ന ആഷസ് പരമ്പരയിൽ 4-0ന്‍റെ ദയനീയ തോൽവിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ട് തോറ്റിരുന്നു. ഇതോടെ റൂട്ടിന് നായകസ്ഥാനം ഒഴിയാനുള്ള സമ്മർദവും ഏറിയിരുന്നു.
കരീബിയൻ പര്യടനത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് നായകസ്ഥാനം വിരമിക്കാൻ ഞാൻ തീരുമാനിച്ചത്. എന്‍റെ കരിയറിൽ എനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു അത്. എന്നാൽ എന്‍റെ കുടുംബവുമായും ഏറ്റവും അടുത്ത ആളുകളുമായും ചർച്ച ചെയ്തു. ഇതാണ് ശരിയായ സമയം എന്നെനിക്കറിയാം. ഔദ്യോഗിക പ്രസ്താവനയിൽ ജോ റൂട്ട് വിശദീകരിക്കുന്നു.
എന്‍റെ രാജ്യത്തെ നയിക്കാനായതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഞാൻ അഭിമാനത്തോടെ തിരിഞ്ഞുനോക്കും. എന്‍റെ രാജ്യത്തെ നയിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. എന്നാൽ ഈയിടെയായി നായകത്വം എന്നെ എത്രമാത്രം ബാധിച്ചുവെന്നും മത്സരത്തിൽ നിന്ന് അത് എന്നെ എത്രമാത്രം അകറ്റി എന്നും മനസിലായി. റൂട്ട് കൂട്ടിച്ചേർത്തു.