ഹാമില്‍ട്ടണ്‍: വനിത ക്രിക്കറ്റ് ലോകകപ്പില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ജുലൻ ഗോസ്വാമി. വനിത ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന ഓസീസ് താരം ലിൻ ഫുൾസ്റ്റണിന്‍റെ റെക്കോഡിനൊപ്പമാണ് ജുലനെത്തിയത്.
39 വിക്കറ്റുകളാണ് ഇരുവരുടെയും പേരിലുള്ളത്. സെഡൻ പാർക്കില്‍ ന്യൂസിലന്‍ഡ് താരം കെയ്റ്റി മാർട്ടിനെ പുറത്താക്കിയാണ് 39കാരിയായ ജുലന്‍റെ നേട്ടം. അഞ്ചാം ലോക കപ്പ് കളിക്കുന്ന താരത്തിന്‍റെ 30ാമത് മത്സരമാണിത്.
ഓസ്‌ട്രേലിയയ്‌ക്കായി 1982 മുതൽ 1988 വരെ കളിച്ച, ലിൻ ഫുൾസ്റ്റണ്‍ 20 മത്സരങ്ങളിലാണ് 39 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 24 മത്സരങ്ങളിൽ നിന്ന് 37 വിക്കറ്റ് വീഴ്ത്തിയ മുൻ ഇംഗ്ലണ്ട് സ്പിന്നർ കരോൾ ആൻ ഹോഡ്‌ജസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
also read: ചാമ്പ്യന്‍സ് ലീഗ്: കടം വീട്ടി ബെന്‍സിമ, പിഎസ്‌ജി പുറത്ത്; റയലും സിറ്റിയും മുന്നോട്ട്
197 മത്സരങ്ങളിൽ നിന്ന് 248 വിക്കറ്റ് വീഴ്ത്തിയ ജുലന്‍ വനിത ഏകദിന ചരിത്രത്തിലെ മുൻനിര വിക്കറ്റ് വേട്ടക്കാരി കൂടിയാണ്. 2002 ജനുവരിയിലാണ് താരം അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്.