കൊളംബോ : ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) പ്രസിഡന്‍റായുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ശനിയാഴ്‌ച നടന്ന എസിസിയുടെ വാർഷിക പൊതുയോഗത്തിൽ ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽസി) പ്രസിഡന്‍റ് ഷമ്മി സിൽവയാണ് ഷായുടെ കാലാവധി നീട്ടിനൽകാനുള്ള നിർദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്‍റ് നസ്മുൽ ഹസ്സനിൽ നിന്നാണ് ഷാ എസിസിയുടെ ചുമതല ഏറ്റെടുത്തത്.
കാലാവധി നീട്ടിയതോടെ എസിസി പ്രസിഡന്‍റായി വീണ്ടും നിയമിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഡ്മിനിസ്‌ട്രേറ്ററാവാനും ഷായ്‌ക്ക് കഴിഞ്ഞു.
also read: ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെലും വിവാഹിതരായി
മേഖലയിലെ ക്രിക്കറ്റിന്‍റെ സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതായിരിക്കും എസിസിയുടെ പ്രധാന ലക്ഷ്യമെന്ന് ഷാ പറഞ്ഞു. വനിത ക്രിക്കറ്റിനെ കൂടുതല്‍ മുന്നോട്ടുനയിക്കാന്‍ വർഷത്തിൽ ഒന്നിലധികം ടൂർണമെന്‍റുകള്‍ നടത്തുമെന്നും ഷാ വ്യക്തമാക്കി.