ജംഷഡ്‌പൂർ: രണ്ടാഴ്‌ചക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം ഐഎസ്‌എല്ലിൽ പന്തുതട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടുമെത്തുന്നു. ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം. തുടർച്ചയായ മൂന്ന് മത്സരങ്ങളിലേറ്റ പരാജയങ്ങൾക്ക് പിന്നാലെ തുടർച്ചയായി മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലെത്തുന്നത്.
മറുവശത്ത് സീസണിൽ ഇതുവരെ ഒരു ജയം മാത്രം സ്വന്തമാക്കിയ ജംഷഡ്‌പൂരിന് ഇന്നത്തെ മത്സരത്തിൽ വിജയം ഏറെ അനിവാര്യമാണ്. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയെ അവരുടെ തട്ടകത്തിൽ വച്ച് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ദിമിത്രിയോസിന്‍റെ ഗോളിലൂടെയാണ് മഞ്ഞപ്പട വിജയം പിടിച്ചെടുത്തത്.
മത്സരത്തിൽ പരിക്കേറ്റ ദിമിത്രിയോസ് ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മറുവശത്ത് തുടർ തോൽവികളിൽ നട്ടം തിരിയുന്ന ജംഷഡ്‌പൂരിന് ഇനിയുള്ള മത്സരങ്ങളുടെ ഫലം ഏറെ നിർണായകമാണ്. പോയിന്‍റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഏഴ് മത്സരങ്ങളിൽ നാല് ജയവും മൂന്ന് തോൽവിയും ഉൾപ്പെടെ 12 പോയിന്‍റാണ് ടീമിനുള്ളത്. അതേസമയം 10 സ്ഥാനത്താണ് ജംഷഡ്‌പൂർ എഫ്‌സിയുടെ സ്ഥാനം. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഉൾപ്പെടെ നാല് പോയിന്‍റ് മാത്രമാണ് ടീമിന് ഇതുവരെ സ്വന്തമാക്കാനായത്.