മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ തുറന്നടിച്ച് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan on R Ashwin return to India ODI squad ahead of World Cup 2023). കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിനെ (R Ashwin) ലോകകപ്പിന് തൊട്ടു മുമ്പ് നടക്കുന്ന പരമ്പരയ്‌ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത് യാതൊരു പ്ലാനിങ്ങുമില്ലാത്തതിന്‍റെ തെളിവാണ്. ഓസീസിനെതിരെ കളിച്ചതുകൊണ്ട് മാത്രം അശ്വിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan) ചോദിച്ചു.
"ലോകത്ത് അശ്വിനെപ്പോലെ ഒരു മറ്റൊരു സ്പിന്നറെ കിട്ടാനുണ്ടാവില്ല. പക്ഷെ, ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്‍റിൽ, കടുത്ത സമ്മർദം നിലനിൽക്കുന്ന ഒരു ടൂർണമെന്‍റിൽ, എത്ര സീനിയര്‍ താരമാണെങ്കിലും വളരെക്കാലമായി കളിക്കാത്ത ഫോർമാറ്റിൽ ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ പൂര്‍ണ്ണമായും വിധിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
ഇവിടെ യാതൊരു പ്ലാനിങ്ങും നടന്നിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അശ്വിനായി എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നെങ്കിൽ ലോകകപ്പിന് മുമ്പ് അവര്‍ അവന് കുറച്ച് മത്സരങ്ങള്‍ നല്‍കണമായിരുന്നു. ഇപ്പോള്‍, അശ്വിന്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കും.
പക്ഷേ അത് മതിയോ?. ലോകകപ്പില്‍ നിങ്ങള്‍ 10 ഓവര്‍ പന്തെറിയണം. ഇന്ത്യ ആഗ്രഹിക്കുന്ന ഫലം നല്‍കുകയും വേണം. ഇതത്ര ഏളുപ്പമുള്ള കാര്യമല്ല. എനിക്ക് തോന്നുന്നത് പ്ലാനിങ് കുറച്ച് കൂടി മികച്ചതായിരിക്കണമെന്നാണ്", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് അശ്വിന്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്. ലോകകപ്പിനായി സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടാന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. അതേസമയം മൂന്ന് മത്സര പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്നത് (India vs Australia). ആദ്യ രണ്ട് മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം ഏകദിനത്തിനായി ഇവര്‍ ടീമിനൊപ്പം ചേരും.
ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം (India squad for Australia): കെ എൽ രാഹുൽ (സി), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്‌റ്റന്‍), സൂര്യകുമാർ യാദവ്, ശര്‍ദുൽ താക്കൂർ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ, തിലക് വർമ്മ, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്‌ണ.
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ.