മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിലൂടെയാണ് ഇന്ത്യയുടെ യുവ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ ഫോര്‍മാറ്റില്‍ അരങ്ങേറിയത്. (India vs South Africa) എന്നാല്‍ മത്സരത്തില്‍ കാര്യമായ പ്രകടനം നടത്താന്‍ 27-കാരന് കഴിഞ്ഞിരുന്നില്ല. മത്സരം നടന്ന സെഞ്ചൂറിയനിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നിട്ടും 20 ഓവറില്‍ 93 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇന്ത്യ വലിയ തോല്‍വി വഴങ്ങിയ മത്സരത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.
പ്രസിദ്ധിന്‍റെ ലൈനും ലെങ്തും മോശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ താരങ്ങളടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്‌തു. ഇതിനിടെ 27-കാരനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സെഞ്ചൂറിയനില്‍ ചെയ്‌തതിനേക്കാള്‍ മികച്ച രീതിയിൽ പന്തെറിയാൻ പ്രസിദ്ധ് കൃഷ്‌ണയ്ക്ക് കഴിയുമെന്നാണ് ഇർഫാൻ പഠാന്‍ പറയുന്നത്. (Irfan Pathan on Prasidh Krishna)
"സെഞ്ചൂറിയനിൽ ചെയ്തതിനേക്കാൾ മികച്ച രീതിയിൽ പന്തെറിയാൻ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് കഴിയും. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അവന്‍റെ ലെങ്ത്ത് മികതായിരിക്കും. റബാഡ ബോൾ ചെയ്യുന്ന ഉയരം നോക്കിയാൽ, പ്രസിദ്ധ് സമാനമായ ലെങ്ത്തിലാണ് ബോള്‍ ചെയ്യുന്നത്.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ ആ ലെങ്ത് കാണാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ ഇതു, അരങ്ങേറ്റ മത്സരം കളിക്കുന്നതിന്‍റെ പരിഭ്രാന്തിയാവാം. രണ്ടാം മത്സരം കളിക്കുകയാണെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ജനുവരി മൂന്നിന് കേപ്‌ടൗണില്‍ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇതേക്കുറിച്ച് സംസാരിച്ചത്. അതേസമയം രണ്ടാം ടെസ്റ്റില്‍ പ്രസിദ്ധിന് അവസരം ലഭിക്കുമോയെന്ന് കാത്തിരുന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരത്തിനുള്ള ടീമിലേക്ക് ആവേശ് ഖാനെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെ തന്നെ പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയ്‌ക്ക് പകരക്കാരനയാണ് ആവേശ് എത്തുന്നത്. പ്രസിദ്ധിന് പകരം കേപ്‌ടൗണില്‍ ആവേശ് കളിച്ചേക്കുമെന്നാണ് പൊതുവെ സംസാരം. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ആവേശിന് കഴിഞ്ഞിരുന്നു. പിന്നാലെ ഇന്ത്യ എയ്‌ക്കായും താരം തിളങ്ങി.
ALSO READ: നിലത്തിട്ടത് 7 ക്യാച്ചുകള്‍; എന്നിട്ടും ന്യായീകരിച്ച് ഹര്‍മന്‍പ്രീത് കൗര്‍
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.