കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇടം കയ്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തെടുത്തത്. കൊല്‍ക്കത്തന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ ജയ്‌സ്വാള്‍ മത്സരത്തില്‍ പുറത്താകാതെ 47 പന്തില്‍ 98 റണ്‍സാണ് നേടിയത്. 13 പന്തില്‍ 50 അടിച്ച് ഐപിഎല്‍ ചരിത്രത്തിലെ വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറി തന്‍റെ പേരിലാക്കാനും 21കാരനായി.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 150 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിന് മുന്നിലേക്ക് വച്ചത്. റോയല്‍സിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ജയ്‌സ്വാള്‍ ആദ്യ പന്ത് മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ സഹ ഓപ്പണര്‍ ജോസ് ബട്‌ലര്‍ റണ്‍ഔട്ട് ആയിരുന്നു.
ഇതിന് പിന്നാലെ താന്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന് മത്സരശേഷം യശ്വസി ജയ്‌സ്വാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മൂന്നാമനായി ക്രീസിലെക്കെത്തിയ നായകന്‍ സഞ്‌ജു സാംസണിന്‍റെ വാക്കുകളാണ് പിന്നീട് തനിക്ക് റണ്‍സ് അടിച്ചുകൂട്ടാന്‍ പ്രചോദനമായതെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
'റണ്‍ഔട്ട് ഗെയിമിന്‍റെ ഭാഗമാണ്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആരും അത് മനഃപൂര്‍വം ചെയ്യുന്ന ഒന്നല്ല. ബട്‌ലര്‍ പുറത്തയതിന് പിന്നാലെ എന്നിലേക്ക് കൂടുതല്‍ ഉത്തരവാദിത്തം വന്ന് ചേര്‍ന്നു. ഈ സമയത്താണ് സഞ്‌ജു ഭായ് എന്‍റെ അടുത്തേക്ക് വന്ന് വിഷമിക്കാതെ എന്‍റെ ശൈലിയില്‍ തന്നെ കളി തുടരാന്‍ ആവശ്യപ്പെട്ടത്' ജയ്‌സ്വാള്‍ പറഞ്ഞു.
തുടര്‍ന്ന് തകര്‍ത്തടിച്ച ജയ്‌സ്വാള്‍ 13-ാം പന്തില്‍ മത്സരത്തിലെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ സഞ്‌ജു സാംസണുമായി നടത്തിയ ആശയവിനിമയം മധ്യ ഓവറുകളില്‍ തന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും ജയ്‌സ്വാള്‍ പറഞ്ഞു. മത്സരത്തിന് ശേഷം റോയല്‍സ് സഹതാരം യുസ്‌വേന്ദ്ര ചാഹലുമായുള്ള സംഭാഷണത്തിനിടെയാണ് ജയ്‌സ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സഞ്‌ജു ഭായിയും ഞാനും തമ്മില്‍ സംസാരിച്ചിരുന്നു. മുന്‍ മത്സരങ്ങളില്‍ എനിക്ക് പവര്‍പ്ലേയില്‍ ലഭിച്ച തുടക്കം മധ്യ ഓവറുകളില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. മധ്യ ഓവറുകളില്‍ എങ്ങനെ റണ്‍സ് ഉയര്‍ത്തണമെന്നും ഏതൊക്കെ ഷോട്ട് കളിക്കണമെന്നും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു' ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.
98 റണ്‍സ് നേടിയെങ്കിലും മത്സരത്തില്‍ താന്‍ സെഞ്ച്വറിയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു. 'നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ആയിരുന്നു ശ്രമിച്ചത്. സെഞ്ച്വറിയെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല' രാജസ്ഥാന്‍ ഓപ്പണര്‍ വ്യക്തമാക്കി. തന്നെ പോലുള്ള യുവതാരങ്ങള്‍ക്ക് സ്വപ്‌ന സാക്ഷാത്‌കാരത്തിന് പറ്റിയ വേദിയാണ് ഐപിഎല്‍ എന്നും ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.