ഹൈദരാബാദ്: ക്രിക്കറ്റില്‍ സാധ്യമായതെല്ലാം സ്വന്തമാക്കി 'കിങ്' ആയി അറിയപ്പെടുന്നയാളാണ് വിരാട് കോഹ്‌ലി. പലരുടെയും സ്വപ്നമായ ക്രിക്കറ്റില്‍ സ്വപ്‌നതുല്യമായ പലതും കാല്‍ കീഴിലാക്കി നടന്നുനീങ്ങിയ കോഹ്‌ലിയുടെ ബാല്യകാലം മുതലുള്ള ഓരോ കഥകളും അനുഭവങ്ങളും ആരാധകര്‍ക്ക് മനഃപ്പാഠവുമാണ്. നിലവില്‍ കോഹ്‌ലിയുടെ ആദ്യ പരിശീലകനായ രാജ്‌കുമാര്‍ ശര്‍മ, ബാല്യകാല സുഹൃത്തായ ഷലാജ്, ഷലാജിന്‍റെ മാതാവ് നേഹ സോന്ധി എന്നിവര്‍ താരത്തിന്‍റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പങ്കുവച്ച അധികമാരും കേള്‍ക്കാത്ത കഥകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ചീക്കു എന്ന വികൃതിയായ കുട്ടി കോഹ്‌ലിയെ എല്ലാവര്‍ക്കും അറിയാമെങ്കിലും താരത്തിന്‍റെ പഴയകാല അനുഭവങ്ങളില്‍ പുത്തന്‍ ഒന്ന് പറഞ്ഞ് ഞെട്ടിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ മാതാവായ നേഹ സോന്ധിയാണ്. കോഹ്‌ലി ഒരിക്കല്‍ ബോളിവുഡ് താരത്തെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ അനുഭവമാണ് നേഹ സോന്ധി ചിരിയോടെ പങ്കുവച്ചത്.
ഒരു 'ബോളിവുഡ് ബെറ്റ്': ഒരു ദിവസം മദൻ ലാൽ അക്കാദമിക്ക് അടുത്ത് ഒരു സിനിമയുടെയോ പരസ്യത്തിന്‍റെയോ വലിയ പോസ്‌റ്ററിന് സമീപത്തായി നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ആ സമയത്ത് പോസ്‌റ്റര്‍ ചൂണ്ടിക്കൊണ്ട്, ഒരു ദിവസം താൻ വളരെ വലിയ ആളാകുമെന്നും അന്ന് താന്‍ ഒരു നായികയെ വിവാഹം കഴിക്കുമെന്നും കോഹ്‌ലി പറഞ്ഞതായാണ് നേഹ സോന്ധി വെളിപ്പെടുത്തിയത്. ഇപ്പോള്‍ നോക്കൂ വിധി പോലെ അത് സംഭവിച്ചില്ലേ എന്നും എപ്പോഴൊക്കെ അതിനെക്കുറിച്ച് ഓര്‍ക്കുന്നുവോ അപ്പോഴൊക്കെ തനിക്ക് അത്ഭുതം തോന്നാറുണ്ടെന്നും നേഹ സോന്ധി അറിയിച്ചു. (വിരാട് കോഹ്‌ലി ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മയെയാണ് വിവാഹം കഴിച്ചത്, നിലവില്‍ അവര്‍ക്ക് വാമിക എന്ന മകളുമുണ്ട്).
സുവര്‍ണ ലിപിയുള്ള സ്‌ക്രാപ് ബുക്ക്: കോഹ്‌ലിയെക്കുറിച്ച് കളിക്കൂട്ടുകാരന് പറയാനുള്ളതാവട്ടെ ഒരു സ്‌ക്രാപ് ബുക്കിന്‍റെ കഥയാണ്. 90 കളിൽ കൗമാരക്കാരായ ഞങ്ങളുടെ സുഹൃത്തുക്കള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകള്‍ സമാഹരിക്കാനും സൂക്ഷിക്കാനും ഒരു സ്‌ക്രാപ് ബുക്ക് കരുതിയിരുന്നു. അന്ന് ഭാവിയില്‍ എന്താവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് 'ഇന്ത്യന്‍ ക്രിക്കറ്ററാവുക' എന്നാണ് കോഹ്‌ലി കുറിച്ചതെന്ന് സുഹൃത്ത് ഷലാജ് പറഞ്ഞു. ഇന്നും ആ സക്രാപ് ബുക്ക് താന്‍ ഒരു വിലപ്പെട്ട ഒരു വസ്‌തുവായി കൈവശം വച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഗുരുവിനെ അത്ഭുതപ്പെടുത്തിയവന്‍ : കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ് കുമാർ ശർമ അദ്ദേഹത്തെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. പാഡ് കെട്ടുന്ന സമയം മുതൽ കളിയിൽ ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിച്ച ഒരു അങ്ങേയറ്റം "അർപ്പണബോധമുള്ള" കുട്ടിയെയാണ് കോഹ്‌ലിയില്‍ താന്‍ പരിചയപ്പെട്ട ആദ്യദിവസം മുതല്‍ കണ്ടതെന്ന് അദ്ദേഹം പറയുന്നു.
1998 മെയ് 30 ന് അവൻ തന്‍റെ സഹോദരനും പിതാവുമായി എന്‍റെ അടുക്കൽ വന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൻ മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്‌തനും വളരെ ആക്‌റ്റീവും വളരെ വികൃതിയുള്ള ആളുമാണെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. എന്‍റെ അക്കാദമിയിൽ നിന്ന് ഷലാജും വിരാടും വളരെ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയുടെ നിർഭയവും വികാരഭരിതവുമായ മനോഭാവത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. വെസ്‌റ്റ് ഡൽഹിയിലെ അക്കാദമിയിൽ പന്ത് നെഞ്ചിൽ തട്ടിയിട്ടും അവനേക്കാൾ പ്രായക്കൂടുതലുള്ള കളിക്കാരെ നേരിടാൻ വിരാട്, തന്‍റെയും അവന്‍റെ അമ്മയ്ക്കും ഉപദേശത്തിനും എതിരായി നിന്നതും ധൈര്യപൂര്‍വം വിഷയം കൈകാര്യം ചെയ്‌തതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.