മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ റണ്‍ മെഷീൻ വിരാട് കോലിക്ക് ഇതെന്തുപറ്റി എന്ന അമ്പരപ്പിലാണ് ആരാധകർ. ബാറ്റിങിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ വൻ ദുരന്തത്തിലേക്കാണ് കോലി വീണുകൊണ്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സിനെതിരായ ഇന്നത്തെ മത്സരത്തിലും 'ഗോൾഡൻ ഡക്ക്' ആയി ഈ സീസണിലെ മൂന്നാം ഡക്ക് സ്വന്തമാക്കിയിരിക്കുകയാണ് കോലി.
മൂന്നെണ്ണത്തിൽ രണ്ട് തവണയും ഡക്കായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് എന്നതാണ് ഏറ്റവും വലിയ കൗതുകം. മോശം ഫോം തുടരുന്നതിനാൽ ബാറ്റിങ്ങ് ഓർഡർ മാറ്റി ഓപ്പണിങ് ഇറങ്ങിയിട്ടും കോലിക്ക് രക്ഷയില്ലാത്ത നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്നത്തെ മത്സരത്തിൽ ജഗദീഷ സുചിത്തിന്‍റെ ആദ്യ പന്ത് തന്നെ കെയ്‌ൻ വില്യംസണ് ക്യാച്ച് നൽകിയാണ് കോലി മടങ്ങിയത്. സണ്‍റൈസേഴ്‌സിനെതിരായ ആദ്യ പാദ മത്സരത്തിൽ മാർക്കോ ജെൻസണായിരുന്നു കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്.
ലഖ്‌നൗവിനെതിരായ മത്സരത്തിലാണ് സീസണിലെ താരത്തിന്‍റെ ആദ്യ ഡക്ക് പിറന്നത്. ലഖ്‌നൗവിനെതിരായ മത്സരത്തിൽ ദുഷ്‌മന്ത ചമീരക്കായിരുന്നു വിക്കറ്റ് ലഭിച്ചത്. ആദ്യ സീസണ്‍ മുതൽ ഐപിഎല്ലിന്‍റെ ഭാഗമായ കോലി ഇതാദ്യമായാണ് ഒരു സീസണിൽ മൂന്ന് തവണ ഗോൾഡൻ ഡക്കായി മടങ്ങുന്നത്.
2008 മുതലുള്ള ടൂർണമെന്‍റ് പരിശോധിച്ചാൽ ആകെ ഒൻപത് തവണ മാത്രമാണ് കോലി ഡക്കായി ക്രീസ് വിട്ടിട്ടുള്ളു. കഴിഞ്ഞ 14 സീസണുകൾക്കിടയിലാണ് ഇവയിലെ ആറ് ഡക്കുകളും പിറന്നത്. എന്നാൽ ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്നാണ് താരത്തിന്‍റെ മൂന്ന് ഡക്കുകളും പിറന്നത്. ബാറ്റിങ്ങിൽ ഇതുവരെ കാണാത്ത തകർച്ചയിലേക്കാണ് കോലിയുടെ പോക്കെന്നാണ് ആരാധകർ പറയുന്നത്.
നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള താരത്തിന്‍റെ ആദ്യ സീസണ്‍ കൂടിയായ ഇത്തവണ ക്യാപ്‌റ്റൻസിയുടെ ഭാരമില്ലാതെ പഴയ രീതിയിൽ കോലി ബാറ്റ് വീശുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അവയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് കോലി ഒരോ ഇന്നിങ്സിലും ബാറ്റ് വീശുന്നത്.
സീസണിലെ 11 മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ച്വറി ഉൾപ്പെടെ വെറും 216 റണ്‍സ് മാത്രമാണ് കോലി ഇതുവരെ നേടിയത്. ഇത്തരത്തിലാണ് തുടർന്നുള്ള പ്രകടനങ്ങളെങ്കിൽ ഇന്ത്യൻ ടീമിൽ പോലും കോലിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്.