അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ ആകാശ് മധ്വാളിന്‍റെ റെക്കോഡ് അഞ്ച് വിക്കറ്റ് നേട്ടത്തിന്‍റെ കരുത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 182 റണ്‍സായിരുന്നു അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 101 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ രോഹിതിനും സംഘത്തിനുമായി.
ആകാശ് മധ്വാള്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ പിയൂഷ് ചൗളയും ക്രിസ് ജോര്‍ഡനും മുംബൈക്കായി ഓരോ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആകാശ് മധ്വാളാണ്. ഇതിന് പിന്നാലെ താരത്തെ പ്രശംസിച്ച് നിരവിധി പ്രമുഖരും രംഗത്തെത്തി.
ഇപ്പോള്‍, ശിഷ്യന്‍ മധ്വാളിന്‍റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പരിശീലകന്‍ മനീഷ് കുമാര്‍ ഝാ. രോഹിത് ശര്‍മ്മയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പിന്തുണ ലഭിച്ചതില്‍ മധ്വാള്‍ ഭാഗ്യവാനാണെന്ന് ഝാ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആകാശ് മധ്വാളുമായുള്ള സംഭാഷണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Also Read : IPL 2023 | 'ബുംറയുടെ പകരക്കാരനാണോ'; ആകാശ് മധ്വാളിന് പറയാനുള്ളത്...
'കുറച്ചു ദിവസം മുന്‍പ് ഞാന്‍ അവനോട് സംസാരിച്ചിരുന്നു. തന്‍റെ പ്രകടനങ്ങളുടെ 60-70 ശതമാനം ക്രെഡിറ്റും മുംബൈ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് മധ്വാള്‍ പറഞ്ഞിരുന്നു. രോഹിത് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.
കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സമ്മര്‍ദം അനുഭവപ്പെടാറില്ല. എപ്പോഴും രോഹിതില്‍ നിന്നും പിന്തുണ ലഭിക്കാറുണ്ടെന്നും മധ്വള്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ക്യാപ്‌റ്റനില്‍ നിന്നും അവന് ലഭിക്കുന്ന ഈ പിന്തുണ വലിയ കാര്യമാണ്.
മധ്വാളിന് വേണ്ട പിന്തുണ രോഹിത് നല്‍കുന്നുണ്ട്. അവന്‍റെ കരിയര്‍ ഇങ്ങനെ രൂപപ്പെടുന്നതില്‍ മുംബൈ ക്യാപ്‌റ്റന്‍ പ്രധാന പങ്ക് വഹിക്കുന്നു' മനീഷ് കുമാര്‍ ഝാ പറഞ്ഞു. ഭാവിയില്‍ മധ്വാളിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നും ഝാ കൂട്ടിച്ചേര്‍ത്തു.
2019വരെ ടെന്നീസ് ബോള്‍ ക്രിക്കറ്ററായിരുന്ന ആകാശ് മധ്വാള്‍ ഉത്തരാഖണ്ഡ് ടീമില്‍ എത്തിയതിന് പിന്നാലെ മനീഷ് കുമാര്‍ ഝായ്‌ക്ക് കീഴിലാണ് മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെക്കാന്‍ തുടങ്ങിയത്. പിന്നാലെ സംസ്ഥാന ടി20 ടീമിന്‍റെ നായകസ്ഥാനം മധ്വാളിനെ ഏല്‍പ്പിച്ചതും പരിശീലകന്‍ ത്സായാണ്.
അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്ത് മുന്നേറിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്നാണ് നേരിടുന്നത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഗുജറാത്തിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ആകാശ് മധ്വാളിലാണ് മുംബൈയുടെ ബൗളിങ് പ്രതീക്ഷകള്‍.