ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായിരിക്കെ ഐപിഎല്ലില്‍ നിന്നും കളിക്കാര്‍ക്ക് പിന്നാലെ അമ്പയർമാരും പിന്മാറുന്നു. ഐസിസി എലൈറ്റ് പാനലിലുള്ള ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ, ഓസീസ് അമ്പയർ പോൾ റെയ്ഫൽ എന്നിവരാണ് പിന്മാറിയത്. കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിതിന്‍ മേനോന്‍ പിന്മാറിയത്.
നിതിന്‍ മേനോന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐപില്ലിന്‍റെ ബയോ ബബിളില്‍ നിന്നും അദ്ദേഹം പുറത്ത് കടന്നതായാണ് വിവരം. ഇക്കാര്യം ബിസിസിഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'നിതിന്‍ മേനോന്‍ ഐപിഎല്‍ വിട്ടതായും, കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ല അദ്ദേഹമുള്ളതെന്നും' ബിസിസിഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
read more: യുവരാജ് നടത്തിയത് ജാതീയാധിക്ഷേപമെന്ന് പൊലീസ് കോടതിയില്‍
എന്നാല്‍ ഇന്ത്യയിൽ നിന്നുളളവര്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പോള്‍ റെയ്ഫലിന് നാട്ടിലേക്ക് മടങ്ങാനായിട്ടില്ല. ദോഹ വഴി ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം വ്യാഴായ്ച പ്രതികരിച്ചു. നിലവില്‍ ബയോ-ബബിള്‍ സംവിധാനത്തിനുള്ളില്‍ അഹമ്മദാബാദിലെ ഹോട്ടലിലാണ് അദ്ദേഹമുള്ളത്.
അതേസമയം ഡല്‍ഹി താരമായിരുന്ന ആര്‍ അശ്വിന്‍ ഉള്‍പ്പെടെ ഇതുവരെ അഞ്ച് താരങ്ങളാണ് ഐപിഎല്‍ വിട്ടത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ലിയാം ലിവിങ്സ്റ്റനാണ് ആദ്യം പിന്‍മാറിയത്. തുടര്‍ന്ന് ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈ, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപയും നാട്ടിലേക്ക് മടങ്ങി.