മുംബൈ: സീസണിലെ രണ്ടാമത്തെ ഐപിഎല്‍ പോരാട്ടത്തില്‍ സിഎസ്‌ക്കെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ഐപിഎല്‍ മിനി താരലേലത്തില്‍ ഡല്‍ഹി 5.25 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ടോം കറന്‍ ഇന്ന് അരങ്ങേറും. കറന്‍ ഉള്‍പ്പെടെ നാല് വിദേശ താരങ്ങളാണ് ഡല്‍ഹിക്കൊപ്പമുള്ളത്. ഷിമ്രോണ്‍ ഹിറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോണിയസ്, ക്രിസ് വോക്‌സ്, ടോം കറന്‍ എന്നിവര്‍ ഡല്‍ഹിക്ക് വേണ്ടി ഇന്ന് കളിക്കും. ടോം കറാനും രവി അശ്വിനുമാകും ഡല്‍ഹിയുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിനെ നയിക്കുക. ക്രിസ് വോക്‌സ്, അമിത് മിശ്ര, ആവേശ് ഖാന്‍ എന്നിവരും ഡല്‍ഹിക്ക് വേണ്ടി പന്തെറിയും.
സമാന രീതിയില്‍ നാല് വിദേശ താരങ്ങളുമായി എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള സിഎസ്‌കെയും ഇറങ്ങുന്നത്. ഫാഫ് ഡുപ്ലെസി, മോയിന്‍ അലി, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍ എന്നിവരാണ് ചെന്നൈയുടെ വിദേശ താരങ്ങള്‍. കഴിഞ്ഞ തവണത്തെ താരലേലത്തില്‍ ഏഴ് കോടി രൂപക്കാണ് മോയിന്‍ അലിയെ ചെന്നൈ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയില്‍ നിന്നും വിട്ടുനിന്ന സുരേഷ് റെയ്‌ന ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ ടീമില്‍ തിരിച്ചെത്തി. പരിക്ക് ഭേദമായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തിയതും ചെന്നൈക്ക് കരുത്താകും. ഇരുവരെയും കൂടാതെ ദീപക് ചാഹര്‍, അമ്പാട്ടി റായിഡു, റിതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവരാണ് സിഎസ്‌കെ നിരയിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.