ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ലങ്കൻ സ്പിന്നർ വാനിഡു ഹസരങ്കയെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആര്‍സിബി) ടീമിലെത്തിച്ചു. ഓസീസ് സ്പിന്നർ ആദം സാംപയ്‌ക്ക് പകരമാണ് ലോക രണ്ടാം നമ്പർ ടി20 ബോളറായ ഹസരങ്കയെ ബാഗ്ലൂര്‍ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ പേസര്‍ ഡാനിയൽ സംസിന് പകരക്കാരനായി ശ്രീലങ്കയുടെ തന്നെ ദുഷ്മന്ത ചമീരയെയും ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഫിൻ അല്ലന് പകരമായി ബിഗ് ബാഷിൽ മികച്ച പ്രകടനം പുറത്തെടുത്ത ടിം ഡേവിഡിനെയും ബാഗ്ലൂര്‍ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യ പരിശീലകനായിരുന്ന സൈമൺ കാറ്റിച്ച് സ്ഥാനമൊഴിഞ്ഞതായും ഫ്രാഞ്ചൈസി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് കാറ്റിച്ചിന്‍റെ പടിയിറക്കമെന്നും ടീം ഡയറക്ടറായ മൈക് ഹെസ്സൺ മുഖ്യപരിശീലക സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി.
also read:സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു
ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ക്കായി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ടീമിലെ ഇന്ത്യൻ താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും ശനിയാഴ്ച ബാംഗ്ലൂരിലെത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ ക്വാറന്‍റീന് ശേഷം ഓഗസ്റ്റ് 29നാവും സംഘം യുഎഇയിലേക്ക് പുറപ്പെടുക.
വിദേശ താരങ്ങള്‍ യുഎഇയിലെത്തിയാവും ടീമിനൊപ്പം ചേരുക. യുഎഇയിൽ എത്തിയ താരങ്ങള്‍ ആറ് ദിവസത്തെ ക്വാറന്‍റീന് കൂടെ പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് യുഎഇയിൽ ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.
ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്.