അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറിനായി മഴമാറി മാനം തെളിഞ്ഞപ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ് ആറാട്ട്. മുംബൈ ബൗളര്‍മാരെ തല്ലിക്കൂട്ടിയ ഗില്‍ ഈ സീസണിലെയും ഐപിഎല്‍ കരിയറിലെയും മൂന്നാം സെഞ്ച്വറിയും അടിച്ചെടുത്താണ് തിരികെ പവലിയനിലേക്ക് കയറിയത്. കൂടാതെ നിരവധി റെക്കോഡുകളും ഗില്‍ മുംബൈക്കെതിരായ മത്സരത്തിലൂടെ അടിച്ചെടുത്തു.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്തിന്‍റെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മുന്നില്‍ നിന്ന് നയിച്ചത് ഗില്ലാണ്. പവര്‍പ്ലേയില്‍ ഒരു ലൈഫ് ലഭിച്ച ഗില്‍ പിന്നീട് അഹമ്മദാബാദില്‍ ഉഗ്രരൂപം പൂണ്ടു. 32 പന്തില്‍ അര്‍ധസെഞ്ച്വറി, 49-ാം പന്തില്‍ സെഞ്ച്വറി എന്നിങ്ങനെയായിരുന്നു 23കാരനായ താരത്തിന്‍റെ ബാറ്റില്‍ നിന്നും റണ്‍സൊഴുകിയത്.
17-ാം ഓവറില്‍ ആകാശ് മധ്വാളിന് മുന്നില്‍ വീണ് മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ 190 കടത്താന്‍ ഗില്ലിനായി. മുംബൈക്കെതിരെ 60 പന്ത് നേരിട്ട ഗില്‍ 129 റണ്‍സും അടിച്ചെടുത്തായിരുന്നു മടങ്ങിയത്. പത്ത് സിക്‌സറുകളും ഏഴ് ഫോറും താരത്തിന്‍റെ ഇന്നിങ്‌സിനെ മനോഹരമാക്കി.
സെഞ്ച്വറിക്കൊപ്പം നിരവധി റെക്കോഡുകളും സ്വന്തം പേരിലെഴുതി ചേര്‍ത്തായിരുന്നു ഗില്‍ പുറത്തായത്. മുംബൈക്കെതിരായ തകര്‍പ്പന്‍ ബാറ്റിങ് കരുത്തില്‍ ഐപിഎല്‍ പ്ലേഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഗില്‍ മറികടന്നത്.
2014ല്‍ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്ന സെവാഗ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 122 റണ്‍സ് നേടിയിരുന്നു. ഇതാണ് സെഞ്ച്വറി പ്രകടനത്തോടെ ശുഭ്‌മാന്‍ ഗില്‍ പഴങ്കഥയാക്കിയത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണ് ഗില്ലിന്‍റേത്.
2020ല്‍ ആര്‍സിബിക്കെതിരെ 132 റണ്‍സടിച്ച കെഎല്‍ രാഹുലാണ് പട്ടികയിലെ ഒന്നാമന്‍. 128 റണ്‍സ് നേടിയിട്ടുള്ള റിഷഭ് പന്ത്, 127 റണ്‍സടിച്ച മുരളി വിജയ് എന്നിവരാണ് ഗില്ലിന് പിന്നില്‍. പ്ലേഓഫിലെ ഒരു പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ചുപറത്തിയ താരവും ഗില്‍ തന്നെ.
മുംബൈക്കെതിരെ 10 സിക്‌സറുകള്‍ പറത്തിയ ഗില്‍ ക്രിസ് ഗെയ്ല്‍, ഷെയ്‌ന്‍ വാട്‌സണ്‍ എന്നിവരെയാണ് പിന്നിലാക്കിയത്. മുന്‍ താരങ്ങളായ ഇവര്‍ ഇരുവരും എട്ട് വീതം സിക്‌സുകളായിരുന്നു നേരത്തെ ഒരു മത്സരത്തില്‍ നേടിയിരുന്നത്. ഒരു സീസണില്‍ കൂടുതല്‍ റണ്‍സടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും ഗില്‍ എത്തിയിട്ടുണ്ട്.
ഈ സീസണിലെ 16 മത്സരങ്ങളില്‍ നിന്നും 851 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ നേടിയത്. ഒരു ഐപിഎല്‍ പതിപ്പില്‍ 973 റണ്‍സടിച്ച വിരാട് കോലി, 862 റണ്‍സടിച്ച ജോസ് ബട്‌ലര്‍ എന്നിവര്‍ക്ക് പിന്നിലാണ് നിലവില്‍ ഗില്‍. ഇക്കൊല്ലത്തെ ഫൈനലിലും സെഞ്ച്വറി പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഗില്ലിന് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും എത്താം.
സായ് സുദര്‍ശനൊപ്പം ചേര്‍ന്ന് ഒരു പ്ലേഓഫിലെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗില്ലിനായി. ഗുജറാത്ത് ഇന്നിങ്‌സിന്‍റെ രണ്ടാം വിക്കറ്റില്‍ ഗില്‍-സായ് സഖ്യം 138 റണ്‍സാണ് നേടിയത്. മൈക്കിള്‍ ഹസി-മുരളി വിജയ് (159), മൈക്കിള്‍ ഹസി-സുരേഷ് റെയ്‌ന (140) ജോഡികളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.