കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്ത് വരെ പോരാടിയാണ് പഞ്ചാബ് കിങ്‌സ് ആതിഥേയര്‍ക്ക് മുന്നില്‍ വീണത്. അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ തോല്‍വി. മത്സരത്തിന്‍റെ അവസാന പന്തില്‍ അര്‍ഷ്‌ദീപ് സിങ്ങിനെ ബൗണ്ടറി പായിച്ച് റിങ്കു സിങ് ആയിരുന്നു കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെ പഞ്ചാബ് പേസറെ പ്രശംസിച്ച് അവരുടെ നായകന്‍ ശിഖര്‍ ധവാന്‍ രംഗത്തെത്തി. അവസാന പന്തിലേക്ക് മത്സരം എത്തിച്ചതിനുള്ള ക്രെഡിറ്റ് മുഴുവനും അര്‍ഷ്‌ദീപിന് അവകാശപ്പെട്ടതായിരുന്നുവെന്ന് ധവാന്‍ പറഞ്ഞു. മത്സരത്തിന്‍റെ അവസാന ഓവറില്‍ ആറ് റണ്‍സ് ആയിരുന്നു കൊല്‍ക്കത്തയ്‌ക്ക് ജയം പിടിക്കാന്‍ വേണ്ടിയിരുന്നത്.
സാം കറന്‍ എറിഞ്ഞ 19-ാം ഓവറില്‍ തകര്‍ത്തടിച്ച കൊല്‍ക്കത്തയുടെ ആന്ദ്രേ റസല്‍ ക്രീസില്‍ നില്‍ക്കെയാണ് അര്‍ഷ്‌ദീപ് സിങ് അവസാന ഓവര്‍ എറിയാനെത്തിയത്. അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാന്‍ റസലിന് സാധിച്ചില്ല. പിന്നീടുള്ള രണ്ട് പന്തിലും സിംഗിള്‍ ഓടിയെടുത്ത കെകെആര്‍ ബാറ്റര്‍മാര്‍ നാലാം പന്തില്‍ രണ്ട് റണ്‍സും കൂട്ടിച്ചേര്‍ത്തു.
തൊട്ടടുത്ത പന്തില്‍ റസല്‍ റണ്‍ഔട്ട് ആയതോടെ കൊല്‍ക്കത്തയ്‌ക്ക് ജയം പിടിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് ആണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ അര്‍ഷ്‌ദീപിന് സാധിച്ചില്ല. അര്‍ഷ്‌ദീപിന്‍റെ ഫുള്‍ടോസ് ലെഗ്‌സൈഡിലെ ബൗണ്ടറിയിലേക്ക് പായിച്ച് റിങ്കു സിങ് ആതിഥേയര്‍ക്കായി ജയം പിടിച്ചു. ഈ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു ശിഖര്‍ ധവാന്‍റെ പ്രതികരണം.
'ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇവിടെ. അവസാന ഓവറുകളില്‍ കൊല്‍ക്കത്ത മികച്ച രീതിയില്‍ തന്നെ കളിച്ചു. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തില്‍ നിന്നും മികച്ച തിരിച്ചുവരവ് നടത്താന്‍ അര്‍ഷ്‌ദീപിനായി. ഇന്ന് അവന്‍ മത്സരം അവസാന പന്ത് വരെ എത്തിച്ചു. അതിനുള്ള ക്രെഡിറ്റ് മുഴുവന്‍ അവന് അര്‍ഹതപ്പെട്ടതാണ്', ധവാന്‍ പറഞ്ഞു.
Also Read : IPL 2023 | ഈഡന്‍ ഗാര്‍ഡന്‍സിലെ 'റസല്‍ ഷോ'; സാം കറനെ അടിച്ചുപറത്തി കെകെആര്‍ ഓള്‍റൗണ്ടര്‍ : വീഡിയോ
കൊല്‍ക്കത്തയില്‍ ഇറങ്ങും മുന്‍പ് മുംബൈ ഇന്ത്യന്‍സിനെതിരായി പഞ്ചാബ് കളിച്ച മത്സരത്തില്‍ പന്ത് കൊണ്ട് തിളങ്ങാന്‍ അര്‍ഷ്‌ദീപ് സിങ്ങിനായിരുന്നില്ല. ഈ മത്സരത്തില്‍ 3.5 ഓവറില്‍ 66 റണ്‍സാണ് അന്ന് പഞ്ചാബ് പേസര്‍ വഴങ്ങിയത്. ഇതിന് പിന്നാലെ ഈഡനില്‍ കൊല്‍ക്കത്തയെ നേരിടാന്‍ ഇറങ്ങിയപ്പോള്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ഷ്‌ദീപിനായി. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ അര്‍ഷ്‌ദീപിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ശിഖര്‍ ധവാന്‍റെ (57) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് 179 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നിതീഷ് റാണയും (51) കൊല്‍ക്കത്തയ്‌ക്കായി അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്ദ്രേ റസലും (42) റിങ്കു സിങ്ങും (21) ചേര്‍ന്നായിരുന്നു ആതിഥേയരെ ജയത്തിലെത്തിച്ചത്.