ഹൈദരാബാദ്: കായിക വിനോദ മേഖലയില്‍ കൈയ്യും കണക്കുമില്ലാതെ നിക്ഷേപം നടത്തുകയും മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുള്ളവരാണ് സൗദി അറേബ്യന്‍ ഭരണകൂടം. ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളില്‍ മുന്‍നിരയിലുള്ള ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തം ലീഗിലെത്തിച്ച് സൗദി ഇത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായി മാറാൻ സൗദി അറേബ്യൻ സർക്കാർ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടില്‍ എന്ത്: സൗദി അറേബ്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതിനായി സൗദി സർക്കാർ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉടമകളുമായും അഡ്മിനിസ്ട്രേറ്റർമാരുമായും ചർച്ചകൾ നടത്തിവരികയാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഐപിഎല്ലിന്‍റെ പരിശീലകരും താരങ്ങളും ഉള്‍പ്പടെ ഒരു വർഷത്തിലേറെയായി സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്വകാര്യ ചര്‍ച്ചകള്‍ മാത്രമാണെന്നും ഔദ്യോഗികമായുള്ളതല്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി അടുത്ത ദശാബ്‌ദത്തില്‍ ഏറ്റവും വലിയ വിനോദ സഞ്ചാരമേഖലയായി മാറാനും സൗദി അറേബ്യ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലീഗ് സാധ്യമോ: അതേസമയം നിലവിലെ സാഹചര്യത്തില്‍ സൗദി അറേബ്യ പ്രീമിയര്‍ ലീഗ് ആരംഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ അവിടേക്ക് പോവാന്‍ ബിസിസിഐ അനുവദിക്കില്ല. അതായത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് തങ്ങളുടെ ഇഷ്‌ടതാരങ്ങള്‍ വിദേശത്തുള്ള ഒരു ലീഗില്‍ പങ്കെടുക്കണമെങ്കില്‍ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതായുമുണ്ട്. മാത്രമല്ല ഇത്തരത്തില്‍ ഒരു ലീഗിന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകേണ്ടതും ഇതിനായി ഐസിസിയിലെ അംഗരാജ്യങ്ങളുടെ സമ്മതവും അത്യാവശ്യമാണ്.
റിപ്പോര്‍ട്ടിനൊപ്പം പ്രതികരണങ്ങളും: എന്നാല്‍ ക്രിക്കറ്റിൽ നിക്ഷേപം നടത്താൻ സൗദി അറേബ്യക്ക് താത്‌പര്യമുണ്ടെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ അറിയിച്ചിരുന്നു. അവർ ഏർപ്പെട്ടിരിക്കുന്ന മറ്റ് കായിക ഇനങ്ങളെ നോക്കുകയാണെങ്കിൽ, ക്രിക്കറ്റ് അവർക്ക് ആകർഷകമാകുമെന്നാണ് താന്‍ കരുതുന്നത്. കായികരംഗത്തേക്കുള്ള അവരുടെ മുന്നേറ്റം കണക്കിലെടുത്താല്‍ ക്രിക്കറ്റില്‍ സൗദി അറേബ്യയ്ക്ക് നന്നായി പ്രവർത്തിക്കാനാവും. അവർ നിക്ഷേപം നടത്താനും ഈ കായികയിനത്തില്‍ പ്രദേശത്തിന്‍റെ സാന്നിധ്യമാകാനും അവര്‍ വളരെയധികം താത്പര്യപ്പെടുന്നുവെന്നും അങ്ങനെയെങ്കില്‍ പിന്തുടരാവുന്ന മികച്ച ഒന്നുതന്നെയാണ് ക്രിക്കറ്റെന്നും ഗ്രെഗ് ബാർക്ലേ പറഞ്ഞു. രാജ്യത്ത് താമസിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കുമായി സുസ്ഥിരമായ ഒരു വ്യവസായം സൃഷ്‌ടിക്കുകയും സൗദി അറേബ്യയെ ആഗോള ക്രിക്കറ്റ് ആസ്ഥാനമാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ സൗദ് ബിൻ മിഷാൽ അൽ-സൗദ് രാജകുമാരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചുകൊണ്ട് രാജ്യത്തിന്‍റെ ഇതിഹാസ ബൗളർ വസീം അക്രം ഫെബ്രുവരിയിൽ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. സൗദ് ബിൻ മിഷാൽ അൽ-സൗദുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഇതില്‍ സൗദി അറേബ്യയിലെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഉടൻ തന്നെ സൗദി ലീഗ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.