മുംബെെ: ചെന്നെെ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ മഞ്ഞ് വീഴ്ചയില്ലാതിരുന്നത് ടീമിന്‍റെ വിജയത്തെ ബാധിച്ചതായി രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. വാങ്കഡെയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ചെന്നെെയോട് 45 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിന്‍റെ പ്രതികരണം.
'ഞങ്ങള്‍ ഇവിടെ മുന്നെ കളിച്ച മത്സരങ്ങളിലെല്ലാം രണ്ടാമത് ബൗള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് ആദ്യം ബൗള്‍ ചെയ്യുന്നതായിരുന്നു. ഇക്കാരണത്താലാണ് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ചെന്നെെയെ 188ല്‍ ഒതുക്കുക എന്നത് ബൗളര്‍മാര്‍ ചെയ്ത നല്ല ജോലിയായിരുന്നു. മഞ്ഞു വീഴുകയും വിക്കറ്റുകള്‍ അധികം നഷ്ടപ്പെടാതിരിക്കുകയും ചെയ്താൽ പിന്തുടരുന്നത് കുറച്ചുകൂടി എളുപ്പമാകുമെന്ന് ഞങ്ങള്‍ കരുതി. സാംസണ്‍ പറഞ്ഞു.
READ MORE: വീണ്ടും ബോളിങ് കരുത്തിൽ ചെന്നൈ; രാജസ്ഥാനെതിരെ 45 റണ്‍സിന്‍റെ വിജയം
അതേസമയം രാജസ്ഥാന്‍റെ ആദ്യ മത്സരത്തില്‍ 119 റണ്‍സെടുത്ത താരത്തിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികവ് തുടരാനായിരുന്നില്ല. ഇക്കാര്യത്തിലും സഞ്ജു പ്രതികരിച്ചു. 'കളിയുടെ ഈ ഫോര്‍മാറ്റില്‍ ഇത് സംഭവിക്കും. ഐപിഎല്ലില്‍ ഒരുപാട് റിസ്ക്കുള്ള ഷോട്ടുകള്‍ ആവശ്യമാണ്. ആദ്യ മത്സരത്തില്‍ ഒരുപാട് റിസ്ക്കി ഷോട്ടുകള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് സെഞ്ചുറി നേടാനായത്.
അതിനാല്‍ തന്നെ ആ ദിവസത്തെ നിങ്ങളുടെ മാനസികാവസ്ഥയടക്കമുള്ള കാര്യങ്ങള്‍ ഇതിനെ സ്വാധീനിക്കും. ഞാന്‍ എന്‍റെ ഷോട്ടുകളെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്ന രീതിയി ബാറ്റിങ് തുടരാനാണ് ആഗ്രഹം. പരാജയങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിന്‍റെ വിജയത്തില്‍ സംഭാവന നല്‍കാന്‍ ഞാന്‍ ശ്രമിക്കും. ഐപിഎല്ലില്‍ കളിക്കുന്ന സമയത്ത് എല്ലായെപ്പോഴും സമ്മര്‍ദ്ദങ്ങളുണ്ടാവും. ചിലപ്പോള്‍ നിങ്ങള്‍ വിജയിക്കുകയും, ചിലപ്പോള്‍ നിങ്ങള്‍ പരാജയപ്പെടുകയും ചെയ്യും'. സാസംണ്‍ കൂട്ടിച്ചേര്‍ത്തു.