അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. രാത്രി 7.30ന് മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. തുടര്‍ച്ചായായ നാലാം ജയം ലക്ഷ്യമിട്ടാവും ഡല്‍ഹിയിറങ്ങുക. അതേസമയം തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം ചെന്നെെയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാവും ബാഗ്ലൂര്‍ ശ്രമം. നിലവില്‍ ഇരു ടീമുകളും അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വീതം വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മികച്ച റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തും ബാഗ്ലൂര്‍ മൂന്നാം സ്ഥാനത്തുമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നുതന്നെ നാല് ജയങ്ങളുള്ള ചെന്നെെയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ഇന്ന് ജയിക്കുന്ന ടീം ചെന്നെെയെ പിന്തള്ളി ഒന്നാമതെത്തും. അതേസമയം ചെന്നെെക്കെതിരായ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാവും ഡല്‍ഹിക്കെതിരെ ഇറങ്ങുകയെന്ന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്.
READ MORE: 'വിദേശ കളിക്കാരെ വേണം'; ഫ്രാഞ്ചൈസികൾക്ക് കത്തെഴുതി രാജസ്ഥാന്‍ റോയല്‍സ്
ഡാനിയന്‍ ക്രിസ്റ്റ്യന് പകരം ഡാനിയന്‍ സാംസ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ പേസര്‍ നവ്ദീപ് സെയ്‌നിയും പുറത്തായേക്കും. അതേസമയം ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ പിന്മാറ്റം ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയാണ്. അശ്വിന് പകരം ലളിത് യാദവ് ടീമില്‍ ഇടം പിടിച്ചേക്കും. ഫോമിലുള്ള ആവേശ് ഖാനും കഗിസോ റബാഡയും ബൗളിങ് യൂണിറ്റില്‍ നിര്‍ണായകമാവും. എന്നാല്‍ പേസര്‍ ഇഷാന്ത് ശർമയ്ക്കും സാധ്യതയുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വേഗത കുറഞ്ഞ വിക്കറ്റാണ് ഒരുക്കിയിരുന്നത്. ഇതോടെ ബാഗ്ലൂര്‍ നിരയില്‍ യുവേന്ദ്ര ചഹലിന്‍റേയും, ഡല്‍ഹിയില്‍ അക്സര്‍ പട്ടേലിന്‍റേയും പ്രകടനം നിര്‍ണ്ണായകമാവും. മഞ്ഞും വിക്കറ്റിലെ ഈര്‍പ്പവുമടക്കമുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.