അഹമ്മദാബാദ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം പുറത്തെടുത്ത മികവ് ഐപിഎല്ലിലും തുടരുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍. 13 മത്സരങ്ങളില്‍ 576 റണ്‍സടിച്ച താരം ഓറഞ്ച് ക്യാപിനായി പോരടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരാനാണ്. ഈ സീസണില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും താരം ഇതിനോടകം തന്നെ അടിച്ചെടുത്തിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണില്‍ തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളത്തിലിറങ്ങിയപ്പോഴാണ് ശുഭ്‌മാന്‍ ഗില്‍ തന്‍റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത്. ഈ കളിയില്‍ 58 പന്തില്‍ 101 റണ്‍സ് നേടി മടങ്ങിയതിന് പിന്നാലെ 23 കാരനായ താരത്തിന് പ്രശംസയുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ അഡ്‌മിഷനാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടേത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ശുഭ്‌മാന്‍ ഗില്ലിനും സ്ഥാനം പിടിക്കാനാകുമെന്നാണ് ഉത്തപ്പയുടെ അഭിപ്രായം. ഒരു ദേശീയ മാധ്യമത്തിലൂടെയായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ പ്രതികരണം.
'സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരെപ്പോലെ ഒരാളാകാനുള്ള കഴിവ് ശുഭ്‌മാന്‍ ഗില്ലിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനുള്ള എല്ലാ കഴിവും ഗില്ലിനുണ്ട്. അസാധാരണ ഫോമിലുള്ള ഒരു അസാമാന്യ കളിക്കാരനാണ് ശുഭ്‌മാന്‍ ഗില്‍' -ഉത്തപ്പ വ്യക്തമാക്കി.
ഗില്ലിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും ഉത്തപ്പ പ്രശംസിച്ചു. ഈ സീസണില്‍ 47.92 ശരാശരിയില്‍ 575 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിട്ടുള്ളത്. കൂടാതെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയും ജയ്‌സ്വാള്‍ ഈ സീസണില്‍ സ്വന്തമാക്കി.
ഗില്ലും ജയ്‌സ്വാളും ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സൂപ്പര്‍ താരങ്ങള്‍ ആയിരിക്കുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു. 'ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി താരങ്ങള്‍ ആകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' -മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.
2023ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തെടുത്തത്. ഇക്കൊല്ലം ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഗില്ലിന് സെഞ്ച്വറിയടിക്കാന്‍ സാധിച്ചു. കൂടാതെ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം, ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിച്ച ഏക ടീം നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ്. ശുഭ്‌മാന്‍ ഗില്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലാണ് ടീമിന്‍റെ മുന്നേറ്റം. ലീഗ് സ്റ്റേജില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഇനി ഗുജറാത്ത് നേരിടാനുള്ളത്.
Also Read : IPL 2023| ചരിത്രത്തില്‍ ആദ്യം; അപൂര്‍വ റെക്കോഡുമായി ശുഭ്‌മാന്‍ ഗില്‍