കൊല്‍ക്കത്ത : ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് താന്‍ ഇപ്പോള്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്ന് കൊല്‍ക്കത്തയുടെ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം. ഈ ഐപിഎല്‍ സീസണില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച റിങ്കു വേഗത്തില്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് രവി ശാസ്‌ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെയാണ് ഇക്കാര്യത്തില്‍ തന്‍റെ പ്രതികരണം റിങ്കു വ്യക്തമാക്കിയത്. 'ഇത് പോലൊരു സീസണ്‍ കളിക്കാനായത് മികച്ച അനുഭവമാണ്. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കുന്നില്ല.
ഇവിടെ നിന്നും നാട്ടിലേക്ക് മടങ്ങിയാല്‍ പഴയ രീതിയിലുള്ള പരിശീലനം വീണ്ടും പുനരാരംഭിക്കും. ഞാന്‍ എന്താണോ ചെയ്യുന്നത് അത് വീണ്ടും തുടരുക തന്നെ ചെയ്യും' - റിങ്കു സിങ് പറഞ്ഞു. ഈ സീസണിലെ പ്രകടനങ്ങള്‍ കൊണ്ട് ലഭിക്കുന്ന പിന്തുണയില്‍ തന്‍റെ കുടുംബം സന്തുഷ്‌ടരാണെന്നും റിങ്കു കൂട്ടിച്ചേര്‍ത്തു.
'എന്‍റെ കുടുംബം ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. അവസാനം ഞാന്‍ കളിച്ച ചില ഇന്നിങ്‌സുകള്‍ കൊണ്ട് കൂടുതല്‍ പേര്‍ എന്നെ അറിയാന്‍ തുടങ്ങി. ഗുജറാത്തിനെതിരെ അഞ്ച് സിക്‌സുകള്‍ നേടിയതിന് പിന്നാലെയായിരുന്നു കൂടുതല്‍ പേരും തിരിച്ചറിഞ്ഞതും അവരില്‍ നിന്ന് ബഹുമാനം ലഭിച്ചതും' - റിങ്കു സിങ് വ്യക്തമാക്കി.
ഐപിഎല്‍ പതിനാറാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഫിനിഷര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് റിങ്കു സിങ് കാഴ്‌ചവച്ചത്. തങ്ങളുടെ പ്രധാന താരങ്ങളായ ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ ബാറ്റിങ് മറന്നപ്പോള്‍ റിങ്കുവെന്ന ഇടം കയ്യന്‍റെ തോളിലേറിയായിരുന്നു കൊല്‍ക്കത്ത ഭേദപ്പെട്ട പ്രകടനം നടത്തിയത്. കൈവിട്ട പലമത്സരങ്ങളും റിങ്കു നൈറ്റ് റൈഡേഴ്‌സിനായി തിരിച്ചുപിടിച്ചു.
ഇന്നലെ സീസണിലെ അവസാന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലും തന്‍റെ പ്രകടനമികവ് ആവര്‍ത്തിക്കാന്‍ റിങ്കു സിങ്ങിനായി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ലഖ്‌നൗ ഉയര്‍ത്തിയ 176 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കെകെആറിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ കൊല്‍ക്കത്തന്‍ ബാറ്റര്‍മാരെ വീഴ്‌ത്തി സൂപ്പര്‍ ജയന്‍റ്‌സ് മത്സരം തിരികെപ്പിടിച്ചു.
ഒരുവശത്ത് റിങ്കുവിനെ നിര്‍ത്തി മറുവശത്തെത്തിയവരെയെല്ലാം അതിവേഗം മടക്കാന്‍ ലഖ്‌നൗവിനും സാധിച്ചു. മത്സരത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് മനസിലാക്കിയ ആരാധകരും പതിയെ മൈതാനം വിട്ടുതുടങ്ങിയിരുന്നു. എന്നാല്‍ റസലിന്‍റെ വിക്കറ്റും നഷ്‌ടപ്പെട്ടതിന് പിന്നാലെ റിങ്കു തന്‍റെ ഗിയര്‍ ഒന്ന് മാറ്റി.
അവസാന മൂന്നോവറില്‍ 50 റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവറില്‍ യാഷ് താക്കൂറിനെതിരെ ഒരു സിക്‌സ് മാത്രമായിരുന്നു റിങ്കുവിന് നേടാനായത്. ഈ ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും 22 പന്തില്‍ 31 ആയിരുന്നു താരത്തിന്‍റെ സമ്പാദ്യം.
19-ാം ഓവര്‍ എറിഞ്ഞ നവീന്‍ ഉള്‍ ഹഖിനെതിരെ 20 റണ്‍സായിരുന്നു റിങ്കു അടിച്ചെടുത്തത്. മൂന്ന് ഫോറും ഒരു സിക്‌സും ഈ ഓവറില്‍ താരം നേടി. ഇതേ ഓവറില്‍ തന്നെയാണ് റിങ്കു ഈ സീസണില്‍ തന്‍റെ നാലാമത്തെ അര്‍ധസെഞ്ച്വറി നേടിയതും.
അവസാന ഓവറില്‍ 21 റണ്‍സ് അകലെയായിരുന്നു കൊല്‍ക്കത്തന്‍ ജയം. എന്നാല്‍, ഈ ഓവറിലെ രണ്ട് പന്തില്‍ റണ്‍സടിക്കാന്‍ റിങ്കുവിനായില്ല. അവസാന മൂന്ന് പന്തില്‍ 16 റണ്‍സടിച്ച റിങ്കുവിന് ജയത്തിന് ഒരു റണ്‍സ് അകലെ കൊല്‍ക്കത്തയെ എത്തിച്ച് പോരാട്ടം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.