മുംബൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന മൂന്ന് ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് ഈ വര്‍ഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പില്‍ അവസരം ലഭിച്ചേക്കാമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്‌ത്രി. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മുംബൈ ഇന്ത്യന്‍സ് മധ്യനിര താരം തിലക് വര്‍മ്മ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫിനിഷര്‍ റിങ്കു സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് രവിശാസ്ത്രി പ്രവചിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്കും അധികം വൈകാതെ തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കുമെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു.
ഐസിസിയുടെ പ്രത്യേക പരിപാടിയിലൂടെയായിരുന്നു രവിശാസ്‌ത്രിയുടെ പ്രതികരണം. ജയ്‌സ്വാളും റിങ്കു സിങ്ങും ഉടന്‍ തന്നെ ഇന്ത്യയുടെ ദേശീയ കുപ്പായം അണിയുമെന്ന് ശാസ്‌ത്രി അഭിപ്രായപ്പെട്ടു. ഈ ഐപിഎല്‍ സീസണില്‍ ഇരുവരും പുറത്തെടുത്ത പ്രകടനം ചൂണ്ടിക്കാട്ടിയാണ് ശാസ്‌ത്രിയുടെ പ്രതികരണം.
ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ് യശസ്വി ജയ്‌സ്വാള്‍. 13 കളികളില്‍ നിന്നും 575 റണ്‍സാണ് 21 കാരനായ താരം അടിച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന താരം ഈ സീസണില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോഡ് തന്‍റെപേരിലാക്കിയിരുന്നു.
ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഫിനിഷറായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ റിങ്കു സിങ്ങിനായിട്ടുണ്ട്. 50.88 ശരാശരിയില്‍ 407 റണ്‍സാണ് 25കാരനായ താരം അടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ അവസാവന ഓവറിലെ അഞ്ച് സിക്‌സുള്‍പ്പടെ നിരവധി തകര്‍പ്പന്‍ ഇന്നിങ്‌സുകളും താരം ഇക്കുറി ബാറ്റ് കൊണ്ട് നടത്തിയിട്ടുണ്ട്.
'ഈ സീസണിലെ പ്രകടനം നോക്കിയാല്‍ ജയ്‌സ്വാള്‍ ടീമിലേക്ക് എത്താന്‍ എത്രത്തോളം അര്‍ഹനാണെന്ന് മനസിലാകും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഒരുപാട് മെച്ചപ്പെടാന്‍ അവന് സാധിച്ചു. അത് വളരെ മികച്ച ഒരു അടയാളമാണ്.
ശക്തിയായി ഷോട്ടുകള്‍ പായിക്കാനുള്ള അവന്‍റെ കഴിവെല്ലാം മികച്ചതാണ്. ഗ്രൗണ്ട് ഷോട്ടുകളും മനോഹരമായി തന്നെ ജയ്‌സ്വാള്‍ കളിക്കുന്നു. ടീമിലേക്ക് എത്താന്‍ സാധ്യതയുള്ള മറ്റൊരാള്‍ റിങ്കു സിങ് ആണ്.
കൂടുതല്‍ അറിയും തോറും അവന് എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ളത്പോലെ തോന്നും. ഇവര്‍ ഇരുവരും പിന്നിട്ട പാതകള്‍ ഏറെക്കുറെ സമാനമാണ്' ശാസ്‌ത്രി പറഞ്ഞു.
സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ തന്‍റെ അഭിപ്രായത്തില്‍ തിലക് വര്‍മ്മയാണ് ലോകകപ്പ് സ്‌ക്വാഡിലേക്ക് എത്താന്‍ അര്‍ഹനെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സിനായി വ്യത്യസ്‌ത റോളുകകളില്‍ ബാറ്റ് കൊണ്ട് മിന്നും പ്രകടനം നടത്താന്‍ തിലക് വര്‍മ്മയ്‌ക്ക് സാധിച്ചിട്ടുണ്ട്. അവസാന കുറച്ച് മത്സരങ്ങളായി പുറത്തിരിക്കുകയാണെങ്കിലും 9 മത്സരത്തില്‍ കളത്തിലിറങ്ങിയ താരം ഇതുവരെ 274 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്.
'ലോകകപ്പിനോട് അടുക്കുമ്പോള്‍ ടീം സെലക്ഷനെ സ്വാധീനിക്കുന്ന താരങ്ങളാണ് ഇവര്‍. ടീമിലുള്ള ആര്‍ക്കെങ്കിലും പരിക്കേറ്റ് പുറത്തായാല്‍ പോലും ഇവരെ പരിഗണിക്കാം' ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.