ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടുന്ന ചതുർ രാഷ്ട്ര ടൂർണമെന്‍റിനുള്ള നിർദ്ദേശം ഐസിസി ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. എല്ലാ വർഷവും ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ചതുർ രാഷ്‌ട്ര ടൂർണമെന്‍റ് സംഘടിപ്പിക്കണമെന്നാണ് പിസിബിയുടെ ആവശ്യം. എന്നാൽ ബിസിസിഐ ടൂർണമെന്‍റിന് സന്നദ്ധത പ്രകടിപ്പിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ ചട്ടം അനുസരിച്ച് മൂന്നിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഇവന്‍റ് സംഘടിപ്പിക്കാൻ ഐസിസിക്ക് മാത്രമേ അനുവാദമുള്ളു. അതിനാൽ തന്നെ ഐസിസി വഴി ടൂർണമെന്‍റ് സംഘടിപ്പിക്കാം എന്ന വിശ്വാസത്തിലാണ് റമീസ് രാജ. ടൂർണമെന്‍റിലൂടെ 750 മില്യണ്‍ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ലാഭ വിഹിതം ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങൾക്ക് നൽകാമെന്നും പിസിബി നേരത്തെ അറിയിച്ചിരുന്നു.
ALSO READ: അത് സച്ചിനും, സെവാഗുമല്ല; ഏറ്റവുമധികം വിറപ്പിച്ച താരത്തിന്‍റെ പേരു പറഞ്ഞ് അക്തർ
ഓരോ വർഷവും ആതിഥേയർ മാറി മാറി വരുന്ന രീതിയിൽ ടൂർണമെന്‍റ് നടത്താമെന്നും റമീസ് രാജ പറഞ്ഞിരുന്നു. എന്നാൽ ഈ നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ മാസം തള്ളിക്കളഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ഏപ്രിൽ 10 ന് നടക്കുന്ന ഐസിസി ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം അംഗങ്ങൾക്ക് മുന്നിലും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് മുന്നിലും അവതരിപ്പിക്കുമെന്ന് റമീസ് രാജ അറിയിച്ചത്.