മുംബെെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 178 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്.
ശിവം ദുബെ (32 പന്തില്‍ 46), രാഹുല്‍ തിവാട്ടിയ (23 പന്തില്‍ 40) എന്നിവരുടെ പ്രകടനമാണ് ടീമിന് തുണയായത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 പന്തില്‍ 21) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. റിയാന്‍ പരാഗ് (16 പന്തില്‍ 25), ജോസ് ബട്ട്‌ലര്‍ (8 പന്തില്‍ 8) മനന്‍ വോറ (9പന്തില്‍ 7) ഡേവിഡ് മില്ലര്‍ (2 പന്തില്‍ 0) , ക്രിസ് മോറിസ് (7പന്തില്‍ 10),ശ്രേയസ് ഗോപാല്‍ (4 പന്തില്‍ 7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് (4 ഓവറില്‍ 27-3), ഹര്‍ഷല്‍ പട്ടേല്‍ (4 ഓവറില്‍ 47-3) എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്നും ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ബാംഗ്ലൂര്‍ നിരയില്‍ രജത് പടിദാറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ടീമിലിടം നേടി. ശ്രേയസ് ഗോപാലിനാണ് രാജസ്ഥാന്‍ അവസരം നല്‍കിയത്. ജയ്‌ദേവ് ഉനദ്ഘട്ടാണ് പുറത്തായത്.