ജയ്‌പൂര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയം പിടിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ കൂടി ആശ്രയിച്ച് മാത്രമായിരിക്കും മുന്‍ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ റോയല്‍സിന് ഇക്കുറി പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്‍റോടെ സഞ്‌ജുവും സംഘവും ലീഗ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ഇനി ഒരു തോല്‍വി വഴങ്ങിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടിവരും. മൂന്ന് മത്സരങ്ങളാണ് റോയല്‍സിന് ഇനി ശേഷിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരെയാണ് സഞ്‌ജുവും സംഘവും ഇനി നേരിടേണ്ടത്.
ഇതില്‍ ആര്‍സിബിക്കെതിരായ മത്സരം മെയ് 14ന് തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ്‌മാന്‍സിങ് സ്റ്റേഡിയത്തിലാണ് നടക്കുക. മറ്റ് രണ്ടും രാജസ്ഥാന് എവേ മത്സരങ്ങളാണ്. മെയ് 11ന് കൊല്‍ക്കത്തയെ ഈഡന്‍ ഗാര്‍ഡന്‍സിലും 19ന് ധരംശാലയില്‍ പഞ്ചാബിനെയും നേരിടാന്‍ രാജസ്ഥാന്‍ ഇറങ്ങും.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള രാജസ്ഥാന് പിന്നിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്കും പത്ത് പോയിന്‍റ് വീതമാണ് ഉള്ളത്. റണ്‍റേറ്റ് ആനുകൂല്യമാണെങ്കിലും ഈ ടീമുകളേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചത് നിലവില്‍ രാജസ്ഥാന് തിരിച്ചടിയാണ്. കൂടാതെ നാല് മത്സരം ശേഷിക്കുന്ന കൊല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കും അപരാജിത കുതിപ്പ് നടത്തിയാല്‍ 16 പോയിന്‍റ് സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാം.
നാളെ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം ആ ടീമുകള്‍ക്കൊപ്പം തന്നെ രാജസ്ഥാന്‍ റോയല്‍സിനും നിര്‍ണായകമാണ്. മുംബൈ ബാംഗ്ലൂര്‍ പോരില്‍ ആര് ജയം പിടിച്ചാലും അവര്‍ രാജസ്ഥാനെ മറിടകടന്ന് പോയിന്‍റ് പട്ടികയില്‍ മുന്നിലേക്കെത്തും. ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കൊല്‍ക്കത്തയെ വീഴ്‌ത്തിയാല്‍ അവര്‍ക്കും രാജസ്ഥാനെ മറികടന്ന് ആദ്യ നാലിലേക്ക് എത്താം.
സീസണിന്‍റെ തുടക്കത്തില്‍ ഗംഭീര പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കാഴ്‌ചവച്ചിരുന്നത്. ആദ്യ പകുതിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. എന്നാല്‍ പിന്നീട് ഈ മികവ് തുടരാന്‍ അവര്‍ക്കായില്ല.
എന്നാല്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന് സ്വന്തമാക്കാനായത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പോയിന്‍റ് പട്ടികയുടെ തലപ്പത്ത് നിന്നും താഴേക്ക് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് എത്തുകയായിരുന്നു.