അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന് 124 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊല്‍ക്കയുടെ ബൗളിങ് യൂണിറ്റിന്‍റെ മികച്ച പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
34 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബ് നിരയില്‍ ടോപ് സ്കോറര്‍. ക്രിസ് ജോര്‍ദാന്‍ 18 പന്തില്‍ 30 റണ്‍സടിച്ചു. കെഎല്‍ രാഹുല്‍ 20 പന്തില്‍ 19 റണ്‍സും, നിക്കോളാസ് പൂരന്‍ 19 പന്തില്‍ 19 റണ്‍സും കണ്ടെത്തി. ക്രിസ്ഗെയില്‍ ഉള്‍പ്പെടെ പുറത്തായ നാല് പഞ്ചാബ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.
അതേസമയം കൊല്‍ക്കത്തയ്ക്കായി ബോളെടുത്ത ഓള്‍ റൗണ്ടര്‍ ആന്ദ്ര റസ്സല്‍ ഒഴികെയുള്ളവരെല്ലാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സുനില്‍ നരേന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് കൊല്‍ക്കത്തയിറങ്ങുന്നത്. അതേസമയം പഞ്ചാബ് നിരയില്‍ ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളുള്ള പഞ്ചാബ് കിങ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മറുവശത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രം നേടാനായ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുമാണ്.