ചെന്നെെ: സണ്‍റെെസേഴ്സ് ഹെെദരാബാദിനെതിരായ വിജയത്തിന് പിന്നില്‍ ടീമിന്‍റെ കൂട്ടായ പ്രയത്നവും ബൗളര്‍മാരുടെ മികച്ച പ്രകടനവുമാണെന്ന് മുംബെെ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 'മികച്ച പ്രകടമാണ് ബൗളിങ് യൂണിറ്റ് നടത്തിയത്. ഇത്തരം പിച്ചുകളില്‍ കളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ബൗളര്‍മാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കി. ഇത് ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങളുടെ ജോലി എളുപ്പമുള്ളതാക്കും' രോഹിത് പറഞ്ഞു.
അതേസമയം മധ്യ ഓവറുകളില്‍ ബാറ്റ്സ്‌മാൻമാര്‍ കുറച്ചു കൂടി നന്നായി ബാറ്റു ചെയ്യേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. 'മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാനാകുമെന്ന് കരുതുന്നു. ഇത്തരത്തിലുള്ള പിച്ചുകളിൽ ഇവരെല്ലാം ധാരാളം കളിച്ചിട്ടുണ്ട്. അതിനാൽ, ചില മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ”മത്സരശേഷം രോഹിത് പറഞ്ഞു.
ഹെെദരാബാദിനെതിരായ മത്സരത്തില്‍ ക്വിന്‍റണ്‍ ഡീ കോക്ക്- രോഹിത് ശര്‍മ്മ എന്നിവരടങ്ങിയ ഓപ്പണിങ് സഖ്യം മികച്ച തുടക്കം നല്‍കിയിരുന്നുവെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല. അതേസമയം രാഹുൽ ചഹാർ (3/19), ട്രെന്‍റ് ബോൾട്ട് (3/28) ജസ്പ്രീത് ബുംറ (1/ 14) എന്നിവരടങ്ങിയ ബൗളിങ് യുണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബെെ ഉയര്‍ത്തിയ 151 റണ്‍സ് പിന്തുടര്‍ന്ന ഹെെദരാബാദ് 19.4 ഓവറില്‍ 137 റണ്‍സിന് പുറത്തായിരുന്നു.