ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ ത്രസിപ്പിക്കുന്ന വിജയത്തോടെയാണ് ചെന്നൈ തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയത്. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഗുജറാത്തിന്‍റെ 15 ഓവറിൽ 171 റൺസ് എന്ന വിജയലക്ഷ്യം ചെന്നൈ അവസാന പന്തിൽ ജഡേജയുടെ തകർപ്പൻ ഫോറിലൂടെ മറികടക്കുകയായിരുന്നു. ശരാശരിയിൽ ഒതുങ്ങി നിൽക്കുന്ന ഒരു ടീമുമായി ഇത്തവണ ചെന്നൈ കപ്പടിച്ചത് ധോണി എന്ന മാന്ത്രികന്‍റെ 'തല' യുടെ മികവിലായിരുന്നു.
ഇപ്പോൾ വിജയത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെയും നായകൻ മഹേന്ദ്ര സിങ് ധോണിയേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ പ്രധാന സ്‌പോണ്‍സർമാരായ ഇന്ത്യ സിമന്‍റ്സ് വൈസ് ചെയർമാൻ എൻ ശ്രീനിവാസൻ. ധോണിക്ക് മാത്രമേ ഇത്തരത്തിൽ അത്‌ഭുദങ്ങൾ കാണിക്കാൻ സാധിക്കുകയുള്ളു എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
'അതിശയകരമായ നായകൻ, നിങ്ങൾ ഒരു അത്ഭുതം ചെയ്‌തിരിക്കുന്നു. നിങ്ങൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. ചെന്നൈ ടീമിനെയും ഞങ്ങളുടെ കുട്ടികളെയും ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. എംഎസ് ധോണിയെ ആരാധകർ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഈ സീസൺ തെളിയിച്ചു. ഞങ്ങളും അദ്ദേഹത്തെ അത്രത്തോളം സ്‌നേഹിക്കുന്നു'. എൻ ശ്രീനിവാസൻ പറഞ്ഞു.
ചെന്നൈയുടെ തകർപ്പൻ ജയത്തിന് പിന്നാലെ ധോണിയെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. മത്സരത്തിൽ ബാറ്റ് കൊണ്ട് വിസ്‌മയം കാട്ടാൻ സാധിച്ചില്ലെങ്കിലും സ്റ്റംപിന് പിറകിൽ ധോണി എന്ന മാന്ത്രികന്‍റെ മിന്നലാട്ടത്തിനും ഇന്നലത്തെ മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ശുഭ്‌മാൻ ഗില്ലിനെ പുറത്താക്കിയ ധോണിയുടെ മിന്നൽ സ്റ്റംപിങ് ആരാധകരെയും എതിരാളികളെയും ഒരുപോലെ അമ്പരിപ്പിക്കുന്നതായിരുന്നു.
വിജയം ധോണിക്ക്: ഈ വിജയം ഞങ്ങളുടെ സ്‌പെഷ്യൽ മാൻ എം എസ് ധോണിക്ക് സമർപ്പിക്കുന്നു എന്നാണ് മത്സരശേഷം ചെന്നൈയുടെ വിജയ ശിൽപിയായ രവീന്ദ്ര ജഡേജ പറഞ്ഞത്. വിജയത്തിന് പിന്നാലെ തന്‍റെ അടുത്തേക്ക് ഓടിയെത്തിയ ജഡേജയെ ധോണി എടുത്തുയർത്തിയ കാഴ്‌ചയും ഫൈനലിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.
തല തുടരും: അതേസമയം ഫൈനലിന് പിന്നാലെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കും ധോണി ഇന്നലെ വിരാമമിട്ടിരുന്നു. വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെങ്കിലും ആരാധകർക്ക് വേണ്ടി അടുത്ത സീസണിലും കളിക്കാൻ ശ്രമിക്കുമെന്നും ഉടൻ വിരമിക്കൽ തീരുമാനം ഇല്ലെന്നും ധോണി പറഞ്ഞിരുന്നു.
ഒരുപക്ഷേ ഇതായിരിക്കാം എന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ഏറ്റവും ഉചിതമായ സമയം. എന്നാല്‍ എനിക്ക് ലഭിച്ച സ്നേഹത്തിന്‍റെ അളവ്, ഇവിടെ നിന്നും ഒഴിഞ്ഞുമാറുക എന്നത് എളുപ്പമാണ്. എന്നാല്‍ ഒന്‍പത് മാസം കഠിനാധ്വാനം ചെയ്‌ത് മറ്റൊരു ഐപിഎല്‍ കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്‍റെ ശരീരത്തിന് ചിലപ്പോള്‍ അത് എളുപ്പമായിരിക്കില്ല. അത് ശാരീരികക്ഷമത ഉള്‍പ്പെടെ മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ തീരുമാനമെടുക്കാന്‍ എനിക്ക് മുന്നില്‍ ഇനിയും ആറോ ഏഴോ മാസമുണ്ട്. എന്നാല്‍ ഇത് എന്നില്‍ നിന്നും അവര്‍ക്കുള്ള ഒരു സമ്മാനമായിരിക്കും. ധോണി പറഞ്ഞു.