മുംബൈ: ഈ സീസണിൽ പ്ലേ ഓഫ് മോഹങ്ങൾ പൊലിഞ്ഞുവെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ വിജയത്തോടെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് മുംബൈ ഇന്ത്യൻസിന്‍റെ പേസർ ഡാനിയൽ സാംസ്. സീസണിൽ തുടർച്ചയായ എട്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം അവസാനത്തെ രണ്ട് മത്സരങ്ങൾ സാംസിന്‍റെ മികവിലാണ് മുംബൈ വിജയിച്ച് കയറിയത്. നിലവിൽ പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് തോൽവിയും രണ്ട് ജയവുമുൾപ്പെടെ നാല് പോയിന്‍റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ.
പ്ലേ ഓഫ് കളിക്കില്ല എന്ന് ഉറപ്പായതിനാൽ ഒരു മിനി ഐപിഎൽ ആയിട്ടാണ് ഇനിയുള്ള മത്സരങ്ങളെ ഞങ്ങൾ കാണുന്നത്. അവസാനത്തെ ആറ് മത്സരങ്ങളിൽ രണ്ടെണ്ണം ഞങ്ങൾ കളിച്ചു കഴിഞ്ഞു. അതിലൂടെ ഞങ്ങൾ സ്വയം വിലയിരുത്തൽ നടത്തുകയാണ്. ഇനിയുള്ള മത്സരങ്ങളിലൂടെ അടുത്ത സീസണായുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സാംസ് പറഞ്ഞു.
ഇനിയുള്ള മത്സരങ്ങളിൽ എല്ലാം ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതാണ് നമ്മെ യഥാർഥത്തിൽ പ്രചോദിപ്പിക്കുന്നത്. ഞങ്ങളുടെ ടീമിനെ ഞങ്ങൾ മികച്ചതായി തന്നെയാണ് കണക്കാക്കുന്നത്. അത് വരും മത്സരങ്ങളിലൂടെ തെളിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സാംസ് പറഞ്ഞു.
ALSO READ: മൂന്നാമതും ഗോൾഡണ്‍ ഡക്ക്; കോലിക്കിതെന്തു പറ്റി! അമ്പരന്ന് ആരാധകർ
അതേസമയം കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ ബോളിങ്ങിനെക്കുറിച്ചും സാംസ് പറഞ്ഞു. എന്‍റെ ശക്‌തിക്കനുസരിച്ച് ബോൾ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ജയവർധനെ, ഷെയ്‌ൻ ബോണ്ട്, ജസ്‌പ്രീത് ബുംറ എന്നിവരോടൊപ്പമുള്ള സംഭാഷണങ്ങളിലൂടെ എന്നിലെ തെറ്റ് എന്താണെന്ന് മനസിലാക്കാനും പരിശീലനത്തിലൂടെ അവ ശരിയാക്കാനും സാധിച്ചു. സാംസ് കൂട്ടിച്ചേർത്തു.