ന്യൂഡൽഹി : ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ക്യാപ്റ്റൻമാരുടെ പോരാട്ടം എന്ന നിലയിലും പ്രസിദ്ധമായിക്കഴിഞ്ഞു. എന്നാൽ ധോണിയുമായി ഇയാൻ മോർഗനെ താരതമ്യം ചെയ്യരുതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ബാറ്റിങിൽ മോർഗനെക്കാൾ മികച്ചു നിൽക്കുന്നു എന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. 'ധോണിയേയും മോർഗനേയും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചയാളാണ്. എന്നാൽ മോർഗൻ ഇപ്പോഴും തന്‍റെ ദേശിയ ടീമിന്‍റെ നായകനാണ്.
ധോണി രാജ്യാന്തരക്രിക്കറ്റിൽ കളിച്ചിട്ടുതന്നെ കാലം കുറേ ആയി. അതിനാൽ തന്നെ അദ്ദേഹത്തിന്‍റെ ബാറ്റിങ് പ്രകടനത്തിലെ പോരായ്‌മകൾ മനസിലാക്കാവുന്നതാണ്. എന്നാൽ മോർഗൻ അങ്ങനെയല്ല. എന്നിട്ട്പോലും ഇത്തവണ മോർഗനെക്കാൾ ഭേദപ്പെട്ട ബാറ്റിങ്ങാണ് ധോണി കാഴ്‌ചവെക്കുന്നത്', ഗംഭീർ പറഞ്ഞു.
ALSO READ : കറക്കിയെറിഞ്ഞ് സ്റ്റംപ് തെറിപ്പിക്കുന്ന കുഞ്ഞുപയ്യന്‍ ; വീഡിയോ പങ്കുവച്ച് സച്ചിന്‍
'ധോണി ബാറ്റർ എന്നതിലുപരി ടീമിന്‍റെ നായകനും വിക്കറ്റ് കീപ്പറും കൂടിയാണ്. അതിനാൽ തന്നെ മൂന്ന് പ്രധാന ചുമതലകളാണ് അദ്ദേഹം വഹിക്കുന്നത്. എന്നാൽ മോർഗന് രണ്ട് ചുമതലകൾ മാത്രമേ ഉള്ളു. അതിൽ മോർഗൻ ബാറ്റിങ്ങിൽ വളരെ മോശമാണ് താനും. അതിനാൽ തന്നെ ഇരുവരുടേയും പ്രകടനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല', ഗംഭീർ കൂട്ടിച്ചേർത്തു.