മുംബൈ : ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിലൂടെ പുതിയൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യൻ മുൻ താരം മഹേന്ദ്ര സിങ് ധോണി. ടി20 ക്രിക്കറ്റിൽ 7000 റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോഡാണ് ധോണി സ്വന്തം പേരിൽ കുറിച്ചത്.
ആകെ 347 മത്സരങ്ങളിൽ നിന്നാണ് ധോണി ഈ നേട്ടത്തിലേക്കെത്തിയത്. ടി20 യിൽ 7000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റർ കൂടിയാണ് ധോണി. നേരത്തെ സുരേഷ് റൈന, റോബിൻ ഉത്തപ്പ, വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
ലഖ്‌നൗവിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ധോണി പുറത്തെടുത്തത്. 18-ാം ഓവറിൽ ക്രീസിലെത്തിയ ധോണി 6 പന്തിൽ നിന്ന് രണ്ട് ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 16 റണ്‍സുമായി പുറത്താകാതെ നിന്നു. കൊൽക്കത്തക്കെതിരായ ആദ്യ മത്സരത്തിൽ ധോണി അർധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.