ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് ഈ മത്സരം. സീസണിലെ ആദ്യ മത്സരം ഗുജറാത്തിനോട് തോറ്റുകൊണ്ടായിരുന്നു ചെന്നൈ തുടങ്ങിയത്.
പിന്നീട് ജയങ്ങള്‍ നേടി ടൂര്‍ണമെന്‍റിലേക്ക് ശക്തമായി തിരിച്ചുവന്ന അവര്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് പ്ലേഓഫില്‍ ഇടം പിടിച്ചത്. സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ 8 എണ്ണത്തില്‍ ജയിച്ചു. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വമ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്.
റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോണ്‍ കോണ്‍വെ, ശിവം ദുബെ എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു പ്ലേഓഫിലേക്ക് ചെന്നൈയുടെ കുതിപ്പ്. എന്നാല്‍, മികവിലേക്ക് ഉയരാന്‍ കഴിയാതിരുന്ന താരങ്ങളും ഒരോ മത്സരങ്ങളിലും ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ സ്ഥിരസാന്നിധ്യമായി. ഇപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎസ് ധോണിയുടെ നായക മികവിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി.
ഒന്നോ രണ്ടോ മോശം പ്രകടനങ്ങളുടെ പേരില്‍ താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുന്നയാളല്ല ധോണി. ഓരോ താരങ്ങളില്‍ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ട് വരാനാണ് പലപ്പോഴും ചെന്നൈ നായകന്‍ ശ്രമിക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞു. സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മൊയീന്‍ അലിയുടെ പ്രതികരണം.
'മറ്റ് നായകന്‍മാരില്‍ നിന്ന് എംഎസ് ധോണിയെ വേര്‍തിരിക്കുന്ന ഒട്ടനേകം ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ്, അദ്ദേഹം എല്ലാ താരങ്ങളെയും വിശ്വസിക്കുന്നുവെന്നത്. ഒരു താരത്തിന് തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലെടുക്കാനായെന്ന് വരില്ല.
അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിച്ചില്ലെങ്കില്‍ പല ടീമുകളും ആ താരങ്ങളെ അടുത്ത മത്സരത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും അങ്ങനെയല്ല. എംഎസും പരിശീലകരും മറ്റ് താരങ്ങളെ സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കും.
അവരുടെ കഴിവുകള്‍ മനസിലാക്കി ഓരോ താരങ്ങള്‍ക്കും വേണ്ടത്ര അവസരം നല്‍കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിക്കും. മിക്ക ടീമുകളും ഇത് ചെയ്യാന്‍ മുതിരാറില്ല. അതുകൊണ്ട് തന്നെയാണ് ഓരോ താരങ്ങളും അധികം നാള്‍ ആ ടീമില്‍ കളിക്കാതെ പുറത്തേക്ക് പോകുന്നത്' - മൊയീന്‍ അലി പറഞ്ഞു.
Also Read : IPL 2023| 'ടി20 ക്രിക്കറ്റില്‍ കാലം കഴിഞ്ഞു'; റെക്കോഡ് സെഞ്ച്വറിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിരാട് കോലി
അവസാന മൂന്ന് സീസണുകളിലും ചെന്നൈക്കൊപ്പം കളിക്കുന്ന താരമാണ് മൊയീന്‍ അലി. ഈ സീസണില്‍ 12 മത്സരങ്ങളില്‍ കളിച്ച അലി 115 റണ്‍സാണ് നേടിയത്. മധ്യ ഓവറുകളില്‍ ടീമിന്‍റെ വിശ്വസ്‌ത ബൗളറായ താരം 9 വിക്കറ്റും നേടിയിട്ടുണ്ട്.