ലണ്ടന്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐപിഎല്ലിലെ ഏറ്റവും പ്രധാന ചര്‍ച്ചകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മെന്‍റര്‍ ഗൗതം ഗംഭീറും തമ്മിലുള്ള വാക്‌പോര്. ഏകന സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി എല്‍എസ്‌ജി മത്സരത്തിന് പിന്നാലെയായിരുന്നു ഇരുതാരങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വന്നത്. മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തിന് പിന്നാലെയായിരുന്നു ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇതിന് പിന്നാലെ ഇരുതാരങ്ങളും ഗ്രൗണ്ടില്‍ വാക്‌പോരിലേര്‍പ്പെടുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായാണ് പ്രചരിക്കപ്പെട്ടത്. വിരാട് കോലി ഗൗതം ഗംഭീര്‍ എന്നിവരെ വിമര്‍ശിച്ച് പലമുന്‍താരങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മെന്‍റര്‍ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വോണിന്‍റെ പ്രതികരണം.
'താരങ്ങള്‍ തമ്മിലുള്ള ചെറിയ ഏറ്റുമുട്ടലുകള്‍ നമുക്ക് വിട്ടുകളയാന്‍ സാധിക്കുന്നതാണ്. ഒരു മത്സരമാകുമ്പോള്‍ അത് സ്വാഭാവികമായിരിക്കും. എന്നാലും ഇത് ആവര്‍ത്തിക്കുന്നതിനോട് ഞാന്‍ ഒരിക്കലും യോജിക്കില്ല.
കൂടാതെ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ കോച്ചോ അല്ലെങ്കില്‍ ടീമിലെ മറ്റ് സ്റ്റാഫുകളോ ഇടപെടുന്നതിനോടും എനിക്ക് താത്‌പര്യമില്ല. മൈതാനത്ത് എന്താണോ നടക്കുന്നത് പിന്നീട് അത് അവിടെ തന്നെ അവസാനിക്കും. രണ്ട് താരങ്ങള്‍ തമ്മിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ അത് അവര്‍ തന്നെയാണ് പരിഹരിക്കേണ്ടത്.
ഇതില്‍ പരിശീലകരും മറ്റ് സ്റ്റാഫുകളും ഇടപെടരുത്. അവരുടെ ഡ്യൂട്ടി ഇതല്ല. ഡഗ്‌ഔട്ടിലോ ഡ്രസിങ് റൂമിലോ നിന്ന് മത്സരത്തിനായുള്ള തന്ത്രങ്ങള്‍ മെനയുക മാത്രമാണ് അവര്‍ ചെയ്യേണ്ടത്', ക്രിക്‌ബസിലൂടെ മൈക്കല്‍ വോണ്‍ വ്യക്തമാക്കി.
നേരത്തെ ഇതേവിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് മൈതാനത്ത് ഇത്തരത്തില്‍ താരങ്ങള്‍ നടത്തുന്ന പെരുമാറ്റം രാജ്യത്തെ കുട്ടികളെയാണ് ബാധിക്കുക എന്നും സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ബിസിസിഐ വിലക്ക് ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
ഇരുവരും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കണമെന്നും അതിന് വേണ്ടി താന്‍ മധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്നും വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രിയും രംഗത്തെത്തിയിരുന്നു. അതേസമയം, ലഖ്‌നൗ ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെ വിരാട് കോലി ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെ ഐപിഎല്‍ അധികൃതര്‍ പിഴ ശിക്ഷ നടപടി സ്വീകരിച്ചിരുന്നു.