മുംബെെ: ഐപിഎല്ലിന്‍റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹെയ്‌സൽവുഡിന്‍റെ പിന്മാറ്റമാണ് ടീമിന് തിരിച്ചടിയായത്. ഏറെ നാളായി ബയോ ബബിളിൽ തുടരുന്നതിന്‍റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും ഓസീസിനായി മികവ് കണ്ടെത്താനുമാണ് 30കാരനായ താരത്തിന്‍റെ പിന്മാറ്റം. ''കഴിഞ്ഞ ജൂലൈ മുതൽക്ക് പത്തുമാസത്തോളമായി ബയോ ബബിളിലും ക്വാറന്‍റയിനിലുമാണ്. ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്നു. അടുത്ത രണ്ട് മാസങ്ങളില്‍ ഓസ്‌ട്രേലിയയിലെ വീട്ടിൽ സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്'' ഹെയ്‌സൽവുഡ് പ്രതികരിച്ചു.
''വളരെ ദൈർഘ്യമേറിയ വിന്‍ററാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനം നീളമേറിയതാണ്. ബംഗ്ലാദേശിനെതിരേയും പരമ്പരയുണ്ട്. ടി-20 ലോകകപ്പിന് ശേഷം ആഷസ്. അങ്ങനെ വലിയ 12 മാസങ്ങളാണ് മുന്നിലുള്ളത്. ഓസ്‌ട്രേലിയക്ക് വേണ്ടി മാനസികമായും ശാരീരികമായും മികച്ചത് നൽകാനാണ് ആഗ്രഹം. അതാണ് തന്‍റെ തീരുമാനം. അതാണ് നല്ലത്'' ഹെയ്‌സൽവുഡ് വ്യക്തമാക്കി.
അതേസമയം താരത്തിന്‍റെ പിന്മാറ്റം വലിയ രീതിയില്‍ ടീമിനെ ബാധിക്കാനിടയില്ല. കഴിഞ്ഞ വര്‍ഷം ചെന്നെെക്കായി വെറും മൂന്ന് മത്സരങ്ങളിലാണ് ഹെയ്സവുഡ് കളിച്ചിരുന്നത്. ഇന്ത്യന്‍ താരങ്ങളോടൊപ്പം ഓള്‍ റൗണ്ടര്‍ സാം കറന്‍, ഡ്വെയ്ൻ ബ്രാവോ എന്നിവരായിരുന്നു ടീമിന്‍റെ പ്രധാന ബൗളിങ് ഓപ്ഷന്‍സ്.