ലണ്ടന്‍ : ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ഇംഗ്ലണ്ട് ലിമിറ്റഡ് ഓവര്‍ ക്യാപ്‌റ്റന്‍ ജോസ് ബട്‌ലര്‍. നിലവില്‍ താന്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടി20യിലും ഏകദിനത്തിലും ടീമിനെ നയിക്കുന്ന വെല്ലുവിളി നിറഞ്ഞ ചുമതല താന്‍ ആസ്വദിക്കുന്നുണ്ടെന്നും ത്രീ ലയണ്‍സിന് ടി20 ലോക കിരീടം നേടിക്കൊടുത്ത നായകന്‍ വ്യക്തമാക്കി.
'ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. സത്യം പറഞ്ഞാല്‍ അത് എപ്പോഴായിരിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണോ അത് നല്ലതുപോലെ തന്നെ ആസ്വദിക്കുന്നുണ്ട്.
ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ ക്യാപ്‌റ്റനാകാന്‍ ലഭിച്ച അവസരം വലിയ വെല്ലുവിളി നിറഞ്ഞതാണ്. അത് ഞാന്‍ വളരെ ആസ്വദിക്കുന്നുണ്ട്. നിലവില്‍ ഏകദിന ലോകകപ്പിലേക്കാണ് ഞാന്‍ ശ്രദ്ധ ചെലുത്തുന്നത്.
കിരീടം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യേണ്ടിവരും എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അതിന് വേണ്ട പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി തന്നെ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ജോസ് ബട്‌ലറുടെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സിന് കീഴിലുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ നിലവില്‍ ബെന്‍ ഫോക്‌സ് ആണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിക്കുന്നത്. 2014ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ബട്‌ലര്‍ ഇതുവരെ 57 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയിലാണ് ഇംഗ്ലണ്ട് ഏകദിന-ടി20 നായകന്‍ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.