ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പോരാട്ടം. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ഉപ്പല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നര മുതലാണ് മത്സരം. പ്ലേഓഫ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇരു ടീമിനും ഇന്ന് ജയം അനിവാര്യമാണ്.
പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 11 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റാണ് ലഖ്‌നൗവിന്. ഒമ്പതാം സ്ഥാനക്കാരായ ഹൈദരാബാദിന് 10 കളിയില്‍ എട്ട് പോയിന്‍റാണ് നിലവില്‍.
ഇരുടീമും സീസണിന്‍റെ തുടക്കത്തില്‍ നേരത്തെ ഏകന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ആതിഥേയരായ ലഖ്‌നൗവിനൊപ്പമായിരുന്നു ജയം. അഞ്ച് വിക്കറ്റിനാണ് സൂപ്പര്‍ ജയന്‍റ്‌സ് അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത്.
ജയം തേടി ലഖ്‌നൗ: സീസണിന്‍റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ടീമാണ് ലഖ്‌നൗ. ആദ്യ പകുതിയിലെ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യ നാലിലായിരുന്നു അവരുടെ സ്ഥാനം. എന്നാല്‍ പിന്നീട് തുടര്‍തോല്‍വികള്‍ ടീമിന് തിരിച്ചടിയായി.
രണ്ട് ആഴ്‌ച മുന്‍പ് പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു ടീം അവസാനമായി ജയം പിടിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിനോടും ഗുജറാത്തിനോടും ലഖ്‌നൗ പരാജയപ്പെട്ടു. ചെന്നൈക്കെതിരായ മത്സരം മഴയെടുത്തു.
ബാറ്റര്‍മാര്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതാണ് ടീമിന് തിരിച്ചടി. ക്വിന്‍റണ്‍ ഡി കോക്ക്, കെയില്‍ മയേഴ്‌സ് എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ. മാര്‍ക്കസ് സ്റ്റോയിനിസ് നിക്കോളസ് പുരാന്‍ എന്നിവരും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാലെ ഇനിയുള്ള യാത്ര ലഖ്‌നൗവിന് സുഗമമാക്കാന്‍ സാധിക്കൂ. ബൗളിങ്ങില്‍ സ്‌പിന്നര്‍മാരാണ് ടീമിന്‍റെ കരുത്ത്.
പ്ലേഓഫ് പോര് കടുപ്പിക്കാന്‍ ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വരവ്. സ്ഥിരതയില്ലായ്‌മ തന്നെയാണ് അവരുടെയും പ്രധാന പ്രശ്‌നം. അഭിഷേക് ശര്‍മ താളം കണ്ടെത്തിയത് ടീമിന് ആശ്വസമാണ്.
ഹെൻറിച്ച് ക്ലാസന്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ടീമിന്‍റെ പ്രതീക്ഷ. അവസാന മത്സരത്തില്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. രാഹുല്‍ ത്രിപാഠിയുടെ ബാറ്റില്‍ നിന്നും ഇന്നും റണ്‍സ് പിറക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.
അവസാന മത്സരത്തില്‍ അവര്‍ക്ക് ജയം സമ്മാനിച്ച അബ്‌ദുല്‍ സമദിന്‍റെ പ്രകടനവും ഇന്ന് നിര്‍ണായകമാണ്. ബോളിങ്ങില്‍ കരുത്തരാണ് ഹൈദരാബാദ്. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നല്‍കുന്ന പേസ് നിര ഏത് വമ്പന്‍മാരെയും വെല്ലുവിളിക്കാന്‍ പോന്നവരാണ്.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേത്. അവസാന അഞ്ച് ടി20 മത്സരങ്ങളില്‍ 171 ആണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. സ്‌പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കും. ഇവിടെ ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത.
Also Read : പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം; ഏഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വരാത്തതിന് കാരണമിതെന്ന് നജാം സേത്തി