അഹമ്മദാബാദ്: പതിനാറാം പതിപ്പില്‍ ഐപിഎല്‍ വിജയകിരീടം നേടുന്ന ടീമിനെ ഇന്നറിയാം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാത്രി ഏഴര മുതലാണ് മത്സരം.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരുന്നു ഇക്കുറി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ടീം. പിന്നാലെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വരവ്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെയായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍ വീഴ്‌ത്തിയത്.
ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായിട്ടായിരുന്നു ഇരു ടീമുകളുടെയും മുന്നേറ്റം. ഗുജറാത്ത് ടൈറ്റന്‍സ് കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും ജയം പിടിച്ചു. ചെന്നൈക്ക് എട്ട് ജയങ്ങളായിരുന്നു നേടാനായത്.
കപ്പടിച്ച് മടങ്ങാന്‍ ധോണിപ്പട : ഐപിഎല്ലിലെ അഞ്ചാം കിരീടമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ലക്ഷ്യം. 2010, 2011, 2018, 2021 സീസണുകളിലാണ് ധോണിക്ക് കീഴില്‍ സിഎസ്കെ കപ്പുയര്‍ത്തിയത്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ക്കാനായാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേട്ടമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോഡിനൊപ്പം ചെന്നൈക്ക് എത്താം.
ഈ സീസണില്‍ ബാറ്റര്‍മാരുടെ കരുത്തിലായിരുന്നു ചെന്നൈയുടെ കുതിപ്പ്. ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോണ്‍ കോണ്‍വെയും ധോണിപ്പടയ്‌ക്ക് മികച്ച തുടക്കം സമ്മാനിക്കുന്നുണ്ട്. പിന്നാലെയെത്തുന്ന ശിവം ദുബെ, മൊയീന്‍ അലി എന്നിവര്‍ അവസരത്തിനൊത്ത് ഉയരുന്നത് ചെന്നൈക്ക് ആശ്വാസം.
ഫിനിഷര്‍ റോളില്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം രവീന്ദ്ര ജഡേജയും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ജഡേജയുടെ സ്‌പിന്‍ ബൗളിങും ഇന്ന് നിര്‍ണായകമാകും. വമ്പന്‍ പേരുകാരായ ബൗളര്‍മാരൊന്നുമില്ലാതെയാണ് ധോണി ചെന്നൈയെ ഫൈനലില്‍ എത്തിച്ചത്.
Also Read : 'ചില ഫാൻസിന് ഇപ്പോഴും മനസിലായിട്ടില്ല'; വിമർശനങ്ങൾക്ക് പിന്നാലെ ആരാധകരെ ലക്ഷ്യം വച്ച് ജഡേജ
യുവ ബൗളര്‍മാരെല്ലാം നായകന്‍ ആവശ്യപ്പെടുന്നിടുത്തെല്ലാം പന്തെറിയുന്നത് ടീമിന് ആശ്വാസം. അവസാന ഓവറുകളില്‍ ലങ്കന്‍ യുവപേസര്‍ മതീഷ പതിരണയുടെ പ്രകടനമായിരിക്കും ചെന്നൈയുടെ ഭാവി ഒരുപക്ഷെ നിര്‍ണയിക്കുന്നത്.
ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഹാര്‍ദിക്കും കൂട്ടരും: ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്താണ് ഹാര്‍ദിക്കും സംഘവും തുടര്‍ച്ചയായ രണ്ടാം വട്ടവും ഐപിഎല്‍ ഫൈനലിലേക്ക് എത്തിയത്. ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്ലും ബൗളിങ്ങില്‍ റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരും മികവ് പുലര്‍ത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങളെല്ലാം എളുപ്പമായി. ഇവരെകൂടാതെ മറ്റ് താരങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നത് ഗുജറാത്ത് മുന്നേറ്റങ്ങള്‍ക്ക് തുണയായി.
കലാശപ്പോരിലും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിലാണ് ഗുജറാത്ത് ടൈറ്റന്‍സ് റണ്‍സ് പ്രതീക്ഷവെയ്‌ക്കുന്നത്. രണ്ടാം ക്വാളിഫയറില്‍ സെഞ്ച്വറിയടിച്ച താരം മിന്നും ഫോമിലാണ്. ഗില്ലിനൊപ്പം ഹാര്‍ദിക് പണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും.
റാഷിദ് ഖാന്‍റെ ഓള്‍റൗണ്ട് മികവാണ് ഗുജറാത്തിനെ ഡബിള്‍ സ്ട്രോങ് ആക്കുന്നത്. പന്ത് കൊണ്ട് എതിരാളികളെ കറക്കി വീഴ്‌ത്തുന്ന താരം ബാറ്റിങ്ങില്‍ നടത്തുന്ന മിന്നല്‍ പ്രകടനങ്ങള്‍ ഗുജറാത്തിന് ആശ്വാസമാണ്. റാഷിദിനൊപ്പം മറ്റൊരു അഫ്‌ഗാന്‍ താരം നൂര്‍ അഹമ്മദ് ആയിരിക്കും സ്‌പിന്നര്‍ ആയി ടീമിലേക്ക് എത്തുക.
മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലെത്തുന്ന പേസ് നിരയും ചെന്നൈ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാം. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത മോഹിത് ശര്‍മയുടെ പ്രകടനത്തെയും പ്രതീക്ഷയോടെയാണ് ഗുജറാത്ത് ടീമും ആരാധകരും നോക്കിക്കാണുന്നത്.