ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പിലൂടെ തിളക്കമാര്‍ന്ന തിരിച്ചുവരവാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അജിങ്ക്യ രഹാനെ നടത്തിയത്. ചെന്നൈക്കായി ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ രഹാനെയ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ സിഎസ്‌കെയുടെ മൂന്നാം മത്സരത്തിലായിരുന്നു രഹാനെയ്‌ക്ക് ആദ്യമായി പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചത്.
ഈ മത്സരത്തില്‍ മുംബൈക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്‌ക്കായി. പിന്നാലെ ചെന്നൈയുടെ ലൈനപ്പില്‍ സ്ഥിരമായും രഹാനെ സ്ഥാനം കണ്ടെത്തി. ചെന്നൈക്ക് വേണ്ടി മൂന്നാമനായി ക്രിസിലേക്കെത്തുന്ന ജിങ്ക്‌സ് 189.83 സ്‌ട്രൈക്ക് റേറ്റില്‍ 7 മത്സരങ്ങളില്‍ നിന്നും 224 റണ്‍സാണ് ഇതുവരെ നേടിയത്.
ആഭ്യന്തരക്രിക്കറ്റിലെ മികവ് രഹാനെ ഐപിഎല്ലിലും കാഴ്‌ചവെച്ചതിന് പിന്നാലെ 15 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കും മടങ്ങിയെത്താന്‍ താരത്തിനായി. ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനുള്ള ടീമിലാണ് രഹാനെ സ്ഥാനം പിടിച്ചത്. ഇതിന് പിന്നാലെ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും അജിങ്ക്യ രഹാനെയ്‌ക്ക് അവസരം നല്‍കണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത്.
' അദ്ദേഹത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിക്കും. രഹാനയെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെങ്കില്‍ അത് സെലക്ടര്‍മാരെടുക്കുന്ന ഏറ്റവും മികച്ച തീരുമാനമായിരിക്കും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രഹാനെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആ പ്രകടനങ്ങള്‍ പരിഗണിക്കാതെ തന്നെ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ അഭാവത്തില്‍ രഹാനെ ഇന്ത്യന്‍ ടീമിനായി നാലാം നമ്പറില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കും' ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
Also Read : 'തല' പോയാല്‍ പകരം ആര്? ജഡേജയും ഗെയ്‌ക്‌വാദും അല്ല; പ്രവചനവുമായി വസീം അക്രം
ഇന്ത്യയുടെ ഏകദിന ടീമില്‍ 2018ലായിരുന്നു രഹാനെ അവസാനമായി കളിച്ചത്. ടി20യില്‍ 2016ലും. ഈ സാഹചര്യത്തില്‍ ശ്രീശാന്തിന്‍റെ അഭിപ്രായത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു.
ഈ ഐപിഎല്‍ സീസണിലെ പ്രകടനം വച്ച് അജിങ്ക്യ രഹാനെ ഇന്ത്യന്‍ ഏകദിന-ടി20 ടീമുകളിലേക്ക് മടങ്ങിയെത്താറായിട്ടില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. യശ്വസി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ ഇന്ത്യന്‍ ടീമേലേക്ക് എത്താന്‍ രഹാനയെക്കാള്‍ അര്‍ഹരാണ്. കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളില്‍ ഇവര്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ട്.
ഇവര്‍ ഇരുവരും ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ടോപ് ഓര്‍ഡറില്‍ സ്ഥാനമില്ലെങ്കില്‍ ഇവരെ മധ്യനിരയിലും കളിപ്പിക്കാമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
Also Read : IPL 2023| 'ആ ക്രെഡിറ്റ് അമ്മയ്‌ക്ക്', കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍