ഹൈദരാബാദ്: കൂടുതല്‍ നിശ്ചയദാർഢ്യം, പുതിയ ഷോട്ടുകള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്‌ജു സാംസണിന്‍റെ പ്രകടനത്തിന്‍റെ രത്ന ചുരുക്കമിതാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനെന്ന ഉത്തരവാദിത്തത്തിന് ഇടയിലും മികച്ച ഇന്നിങ്സായിരുന്നു സഞ്‌ജു കളിച്ചത്. ബോളര്‍മാര്‍ക്ക് ഒരു അവസരവും കൊടുക്കാതിരുന്ന താരം 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 55 റണ്‍സെടുത്താണ് തിരിച്ച് കയറിയത്.
171.88 ആയിരുന്നു പ്രഹരശേഷി. എത്ര മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറക്കാതിരിക്കുന്നതിന് കാരണങ്ങള്‍ കണ്ടെത്തുന്ന സെലക്‌ടര്‍മാക്കുള്ള മറുപടിയാണ് സഞ്‌ജുവിന്‍റെ പ്രകടനമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ പ്രകടനത്തോടെ സാക്ഷാല്‍ വിരാട് കോലിയെ ഒക്കെ ബഹുദൂരം പിന്നിലാക്കി ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും 28കാരനായ രാജസ്ഥാന്‍ നായകന് കഴിഞ്ഞു.
സഞ്‌ജു ഏറെ മുന്നില്‍: ഐപിഎല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 700 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോഡാണ് മലയാളി താരം സ്വന്തം പേരില്‍ ചേര്‍ത്തത്. നിലവില്‍ 20 മത്സരങ്ങളില്‍ നിന്നും 725 റണ്‍സാണ് സഞ്‌ജുവിന്‍റെ അക്കൗണ്ടിലുള്ളത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.
ഹൈദരാബാദിനെതിരെ 600 റണ്‍സ് പിന്നിട്ട ആദ്യ താരവും സഞ്‌ജുവാണ്. ടീമിനെതിരെ ഏറ്റവും കൂടുതല്‍സ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സാക്ഷാല്‍ വിരാട് കോലിയുടെ അക്കൗണ്ടില്‍ 20 മത്സരങ്ങളില്‍ നിന്നും 569 റണ്‍സ് മാത്രമാണുള്ളത്. ഷെയ്‌ന്‍ വാട്‌സണാണ് മൂന്നാം സ്ഥാനത്ത്.
18 മത്സരങ്ങളില്‍ നിന്നും 566 റണ്‍സാണ് വാട്‌സണിന്‍റെ സമ്പാദ്യം. 17 മത്സരങ്ങളില്‍ നിന്നും 540 റണ്‍സുമായി എ.ബി ഡിവില്ലിയേഴ്‌സും 20 മത്സരങ്ങളില്‍ നിന്ന് 540 റണ്‍സുമായി അമ്പാട്ടി റായിഡുവുമാണ് നാലും അഞ്ചും സ്ഥാനത്ത്.
മിന്നും ജയം നേടി രാജസ്ഥാന്‍: മത്സരത്തില്‍ ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടാന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നേടിയ 203 റണ്‍സിന് മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 131 എടുക്കാനേ കഴിഞ്ഞുള്ളു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് ഹൈദരാബാദിന്‍റെ നടുവൊടിച്ചത്.
ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കിയിരുന്നു. 32 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അബ്‌ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ(0), രാഹുല്‍ ത്രിപാഠി (0), ഹാരി ബ്രൂക്ക് (13), വാഷിങ്‌ടണ്‍ സുന്ദര്‍ (1), ഗ്ലെന്‍ ഫിലിപ്‌സ് (8), മായങ്ക് അഗര്‍വാള്‍ (27), ആദില്‍ റഷീദ് (18), ഭുവനേശ്വര്‍ കുമാര്‍ (6 ) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
സമദിനൊപ്പം ഉമ്രാന്‍ മാലിക്കും (8 പന്തില്‍ 19*) പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനായി സഞ്‌ജുവിനെ കൂടാതെ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ALSO READ: IPL 2023 | ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ വിജയം