ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 190 റണ്‍സിന്‍റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 189 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
ആദ്യ പന്തില്‍ ഓപ്പണര്‍ വിരാട് കോലിയെ നഷ്‌ടമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഞെട്ടിക്കുന്ന തുടക്കമായിരുന്നു ലഭിച്ചത്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു കോലിയുടെ മടക്കം. തുടര്‍ന്നെത്തിയ ഷഹ്‌ബാസ് അഹമ്മദിനെയും (4 പന്തില്‍ 2) തന്‍റെ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ബോള്‍ട്ട് മടക്കി.
തുടര്‍ന്ന് ഒന്നിച്ച ക്യപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്-ഗ്ലെൻ മാക്‌സ്‌വെൽ സഖ്യത്തെ പിടിച്ച് കെട്ടാന്‍ രാജസ്ഥാന്‍ പാടുപെടുന്ന കാഴ്‌ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 62 റണ്‍സ് എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. തുടര്‍ന്ന് ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 10-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ നൂറുകടത്തി
ഈ ഓവറിന്‍റെ നാലാം പന്തില്‍ ഹോള്‍ഡറെ സിക്‌സറിന് പറത്തിക്കൊണ്ട് മാക്‌സ്‌വെല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. 27 പന്തുകളില്‍ നിന്നാണ് താരം അന്‍പത് പിന്നിട്ടത്. രണ്ട് ഓവറുകള്‍ക്കപ്പുറം ഡുപ്ലെസിസും അര്‍ധ സെഞ്ചുറിയിലെത്തി.
31 പന്തുകളിലാണ് ബാംഗ്ലൂര്‍ നായകന്‍ അര്‍ധ സെഞ്ചുറി തികച്ചത്. ഏറെ മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് ഡുപ്ലെസിസിനെ തിച്ചുകയറ്റി 14ാം ഓവറിലാണ് രാജസ്ഥാന്‍ പൊളിച്ചത്. സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ താരത്തെ രണ്ടാം പന്തില്‍ യശസ്വി ജയ്‌സ്വാൾ റണ്ണൗട്ടാക്കുകായിരുന്നു. 39 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 62 റണ്‍സടിച്ചാണ് ഡുപ്ലെസിസ് മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ 127 റണ്‍സാണ് മാക്‌സിയും ഡുപ്ലെസിയും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. 15ാം ഓവറില്‍ ബാംഗ്ലൂര്‍ 150 കടന്നു. എന്നാല്‍ ഈ ഓവറിലന്‍റെ അവസാന പന്തില്‍ മാക്‌സ്‌വെല്ലിനെ മടക്കിയ അശ്വിന്‍ രാജസ്ഥാന് കൂടുതല്‍ ആശ്വാസം നല്‍കി. 44 പന്തില്‍ 77 റണ്‍സെടുത്ത മാക്‌സിയെ ബാക്ക്‌വാര്‍ഡ് പോയിന്‍റില്‍ ഹോള്‍ഡര്‍ പിടികൂടുകായിരുന്നു.
ആറ് ഫോറുകളും നാല് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ മഹിപാൽ ലോംറോർ (6 പന്തില്‍ 8), സുയാഷ് പ്രഭുദേശായി (2 പന്തില്‍ 0), വാനിന്ദു ഹസരംഗ (7 പന്തില്‍ 6), ദിനേശ് കാര്‍ത്തിക് (13 പന്തില്‍ 16), വിജയകുമാർ വൈശാഖ് (1 പന്തില്‍ 0), എന്നിവര്‍ നിരാശപ്പെടുത്തിയതോടെയാണ് ബാംഗ്ലൂരിന്‍റെ സ്‌കോറിലെ കുതിപ്പ് അവസാനിച്ചത്.
ഡേവിഡ് വില്ലി (2 പന്തില്‍ 4), മുഹമ്മദ് സിറാജ് (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാനായി ട്രെന്‍റ് ബോള്‍ട്ട് സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
ALSO READ: IPL 2023 | സ്റ്റംപ് മുറിച്ചാല്‍ കേസില്ല ; അര്‍ഷ്‌ദീപിനെതിരെ നടപടിയില്ലെന്ന് മുംബൈ പൊലീസ്