ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
നായകന്‍ ഡുപ്ലെസിസിനെ കൂടാതെ ബ്രേസ്‌വെൽ, ഗ്ലെന്‍ മാക്‌സ്‌വെൽ, ടോപ്‌ലി എന്നിവരാണ് ബാംഗ്ലൂരിന്‍റെ പ്ലേയിങ് ഇലവനിലെ വിദേശ താരങ്ങള്‍. മികച്ച തുടക്കം നേടി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ പറഞ്ഞു. അതിനു ശേഷമാണ് കിരീട ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുകയെന്നും ഡുപ്ലെസിസ് വ്യക്തമാക്കി.
രണ്ട് മലയാളി താരങ്ങൾ മുംബൈ സബ്‌സ്റ്റിറ്റ്യൂട്ട് ലൈനപ്പില്‍: പേസർ സന്ദീപ് വാര്യർ, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്‌ണു വിനോദ് എന്നിവർ ഇന്നത്തെ മത്സരത്തില്‍ രോഹിത് ശർമ പ്രഖ്യാപിച്ച മുംബൈ ടീമിന്‍റെ സബ്‌സ്റ്റിറ്റ്യൂട്ട് ലൈനപ്പിലുണ്ട്. ഈ സീസണിലാണ് ഇരു താരങ്ങളെയും മുംബൈ ടീമിലെത്തിച്ചത്. പിച്ച് മികച്ചതായി തോന്നുന്നുവെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചു.
'കഴിഞ്ഞ സീസൺ തങ്ങൾക്ക് നിരാശയായിരുന്നു. തെറ്റുകള്‍ എവിടെയാണ് പറ്റിയതെന്ന് അറിയാം. അവ തിരുത്തി കൂടുതല്‍ മുന്നോട്ട് പോകാനാണ് ശ്രമമെന്നും മുംബൈ നായകന്‍ വ്യക്തമാക്കി'. ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, ജോഫ്ര ആർച്ചർ എന്നിങ്ങനെ മൂന്ന് പേർ മാത്രമാണ് മുംബൈ നിരയിലെ വിദേശ സാന്നിധ്യം.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഗ്ലെൻ മാക്‌സ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, റീസ് ടോപ്ലി, മുഹമ്മദ് സിറാജ്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജോഫ്ര ആർച്ചർ, അർഷാദ് ഖാൻ.
ചീത്തപ്പേര് മാറ്റിയെഴുതണം: അഞ്ച് തവണ ചാമ്പ്യന്മാരാണെങ്കിലും കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സിന് ഫിനിഷ് ചെയ്യാന്‍കഴിഞ്ഞത്. ഇതോടെ കഴിഞ്ഞതെല്ലാം മറന്ന് പുതിയ തുടക്കമാണ് മുംബൈ ബാംഗ്ലൂരിനെതിരെ ലക്ഷ്യം വയ്‌ക്കുന്നത്. അതേസമയം ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങുന്ന ടീമെന്ന ചീത്തപ്പേരും മുംബൈയ്‌ക്ക് മാറ്റിയെഴുതേണ്ടതുണ്ട്.
2012 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആയിരുന്നു മുംബൈ അവസാനമായി ആദ്യ മത്സരം വിജയിച്ചത്. തുടര്‍ന്നുള്ള സീസണുകളില്‍ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു മുംബൈ തുടങ്ങിയത്. ഐപിഎല്ലിലെ തങ്ങളുടെ കന്നി കിരീടമാണ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ നാലാം സ്ഥാനക്കായിരുന്ന സംഘം രണ്ടാം എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍വി വഴങ്ങിയാണ് പുറത്തായത്. ഇതോടെ ഇക്കുറി മികച്ച മുന്നേറ്റം നടത്തി കിരീടത്തോടെ സീസണ്‍ അവസാനിപ്പിക്കാനാവും ഡുപ്ലെസിസിന്‍റേയും സംഘത്തിന്‍റേയും ശ്രമം.
നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍: നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആധിപത്യമുണ്ട്. ഇതേവരെ 30 മത്സരങ്ങളിലാണ് ഇരു ടീമുകളും തമ്മില്‍ പോരടിച്ചത്. ഇതില്‍ 17 മത്സരങ്ങളിലും മുംബൈ വിജയിച്ചപ്പോള്‍ 13 മത്സരങ്ങളാണ് ബാംഗ്ലൂരിനൊപ്പം നിന്നത്.
ഹോം ഗ്രൗണ്ടായ ചിന്ന സ്വാമിയിലും മുംബൈയ്‌ക്കെതിരെ ആധിപത്യം പുലര്‍ത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. ഇവിടെ നേരത്തെ 12 തവണ കളിച്ചപ്പോഴും ഒമ്പത് തവണയും വിജയം മുംബൈക്ക് ഒപ്പമായിരുന്നു. എന്നാല്‍ അവസാനത്തെ മൂന്ന് മത്സരങ്ങളും വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ബാംഗ്ലൂരിന് ആശ്വാസമാണ്.
മത്സരം എവിടെ കാണാം: ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ മത്സരത്തിന്‍റെ തത്സമയ സ്ട്രീമിങ് ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്.