ബാംഗ്ലൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ താനിവിടെയാണ് ക്രിക്കറ്റ് കളിച്ച് വളര്‍ന്നതെന്നും ചേസിങ് ടീമിന് മുന്‍തൂക്കമുണ്ടെന്ന ഗ്രൗണ്ടിന്‍റെ ചരിത്രത്തിനൊപ്പം പോവുകയാണെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. പേസര്‍ മാര്‍ക്ക് വുഡ് തിരിച്ചെത്തിയപ്പോള്‍ റൊമാരിയോ ഷെഫേര്‍ഡ് പുറത്തായി. യാഷ് താക്കൂറിനും പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്‌ടമായപ്പോള്‍ ആവേശ് ഖാനാണ് ഇടം നേടിയത്. വിക്കറ്റ് ഒരല്‍പ്പം വരണ്ടതായി തോന്നുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് പ്രതികരിച്ചു.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (പ്ലെയിങ് ഇലവന്‍): കെഎൽ രാഹുൽ(ക്യാപ്റ്റന്‍ ), കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ജയ്ദേവ് ഉനദ്‌ഘട്ട്, അമിത് മിശ്ര, ആവേശ് ഖാൻ, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലെയിങ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), അനുജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
സീസണില്‍ തങ്ങളുടെ മൂന്നാം മത്സരത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ വിജയം നേടിയ ബാംഗ്ലൂരിന് രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കാലിടറിയുന്നു. മറുവശത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനിത് സീസണിലെ നാലാം മത്സരമാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയ സംഘം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു.
എന്നാല്‍ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ലഖ്‌നൗ തിരിച്ച് വന്നിരുന്നു. ഇതോടെ ജയം തുടരാന്‍ ലഖ്‌നൗ ഇറങ്ങുമ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്താനാവും ബാംഗ്ലൂരിന്‍റെ ശ്രമം. കഴിഞ്ഞ സീസണിലെ അരങ്ങേറ്റക്കാരായ ലഖ്‌നൗവിനെതിരെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബാംഗ്ലൂരിന് ആധിപത്യമുണ്ട്. ലീഗ് ഘട്ടത്തിലും എലിമിനേറ്ററിലുമായി രണ്ട് തവണയാണ് കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും മുഖാമുഖമെത്തിയത്. ഇതില്‍ രണ്ട് തവണയും ലഖ്‌നൗവിനെ കീഴടക്കാന്‍ ബാംഗ്ലൂരിന് കഴിഞ്ഞിരുന്നു.
മത്സരം കാണാനുള്ള വഴി : ഐപിഎല്‍ 16ാം സീസണിലെ 15ാം മത്സരമാണിത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും ഈ മത്സരം കാണാം.