ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടേബിള്‍ ടോപ്പേഴ്‌സായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം പിടിക്കാനായെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍ക്കും താത്‌കാലിക നായകന്‍ വിരാട് കോലിക്കും വമ്പന്‍ തിരിച്ചടി. രാജസ്ഥാനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപയാണ് മാച്ച് റഫറി കോലിക്ക് പിഴയായി വിധിച്ചിരിക്കുന്നത്. മത്സരത്തില്‍ നിശ്ചിത സമയത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓരോവര്‍ പിന്നിലായിരുന്നുവെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍.
സീസണില്‍ ഇതു രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ബാംഗ്ലൂരിന് ശിക്ഷ ലഭിക്കുന്നത്. ഇതോടെയാണ് കോലിക്ക് വമ്പന്‍ പിഴത്തുക ലഭിച്ചത്. തെറ്റ് ആവര്‍ത്തിച്ചാല്‍ ബാംഗ്ലൂര്‍ നായകന് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കും.
വിരാട് കോലിക്ക് പുറമെ ഇംപാക്‌ട് പ്ലെയര്‍ അടക്കമുള്ള ബാംഗ്ലൂര്‍ താരങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനമോ, ആറ് ലക്ഷം രൂപയോ ഇതില്‍ ഏതാണോ കുറവ് അത്രയും തുക പിഴയായി നല്‍കാനും മാച്ച് റഫറി വിധിച്ചിട്ടുണ്ട്. നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലെസിസിന് പിഴ ശിക്ഷ ലഭിച്ചിരുന്നു.
12 ലക്ഷം രൂപയായിരുന്നു താരത്തിന് പിഴയൊടുക്കേണ്ടി വന്നിരുന്നത്. ഡുപ്ലെസിസിന് വാരിയെല്ലിന് പന്തുകൊണ്ട് പരിക്കേറ്റതോടെയാണ് വിരാട് കോലിക്ക് ചുമതല നല്‍കിയത്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇംപാക്‌ട് പ്ലെയറായി ബാറ്റുചെയ്യാനിറങ്ങിയ ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി നേടിയാണ് തിരിച്ച് കയറിയത്.
അതേസമയം രാജസ്ഥാന്‍ റോയല്‍സിനെതിരെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സാണ് കണ്ടെത്തിയിരുന്നത്. ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്.
44 പന്തില്‍ 77 റണ്‍സ് അടിച്ച് കൂട്ടിയ മാക്‌സ്‌വെല്ലായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലെസിസ് 39 പന്തില്‍ 62 റണ്‍സും നേടി. കോലിയെ ട്രെന്‍റ് ബോള്‍ട്ട് പൂജ്യത്തിന് പുറത്താക്കിയിരുന്നു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സില്‍ ഒതുങ്ങി. ദേവ്‌ദത്ത് പടിക്കലായിരുന്നു 34 പന്തില്‍ 52 റണ്‍സുമായി രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍ ആയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (37 പന്തില്‍ 47 ) തിളങ്ങി.
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും ഒരു ഘട്ടത്തില്‍ രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പടിക്കലിനെ വീഴ്‌ത്തിയ ഡേവിഡ് വില്ലി ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി. നാലാം നമ്പറിലെത്തിയ നായകന്‍ സഞ്‌ജു സാംസണിന് (15 പന്തില്‍ 22) മികച്ച തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ ജയ്‌സ്വാളും പിന്നീട് ബിഗ് ഹിറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറും (9 പന്തില്‍ 3) മടങ്ങിയത് കളിയില്‍ വഴിത്തിരിവായി. ശേഷമൊന്നിച്ച ധ്രുവ് ജുറലും (16 പന്തില്‍ 34*) ആര്‍ അശ്വിനും (6 പന്തില്‍ 12) പൊരുതി നോക്കിയെങ്കിലും വിജയം അകന്ന് നിന്നു. സീസണില്‍ ബാംഗ്ലൂരിന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവും രാജസ്ഥാന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയും ആയിരുന്നുവിത്.
ALSO READ: "സ്വയം വിശ്വസിക്കുക, വിനയാന്വിതരായി തുടരുക"; രാജസ്ഥാന്‍ താരങ്ങളോട് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍