ജയ്‌പൂർ : ഇന്ത്യൻ പ്രീമിയർ ലീഗിലെ 26-ാം മത്സരത്തിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്, രാജസ്ഥാൻ റോയൽസിനെ നേരിടും. പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ജയ്‌പൂർ സവായി മാൻസിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.
സീസണിലിതു വരെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ പോരാട്ടം കനക്കും. ജയം തുടരാൻ രാജസ്ഥാൻ ഒരുങ്ങുമ്പോൾ പഞ്ചാബിനെതിരായ അവസാന മത്സരത്തിലേറ്റ തോൽവിയിൽ നിന്നും വിജയവഴിയിൽ തിരിച്ചെത്താനാകും ലഖ്‌നൗവിന്‍റെ ശ്രമം. രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആദ്യ അഞ്ചിൽ മത്സരങ്ങളിൽ നാലിലും ജയിച്ചപ്പോൾ ലഖ്‌നൗ മൂന്ന് മത്സരങ്ങളിലാണ് വിജയത്തിലെത്തിയത്.
തകർപ്പൻ ഫോമില്‍ രാജസ്ഥാന്‍: ഗുജറാത്തിനെതിരെ മികച്ച പ്രകടനം നടത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സഞ്‌ജു സാംസൺ എന്നിവരിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണർമാരായ ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, എന്നിവർ തന്നെയാണ് രാജസ്ഥാന്‍റെ കരുത്ത്. ജോസ് ബട്‌ലർ-യശസ്വി ജെയ്‌സ്വാൾ എന്നിവർ റോയൽസിനായി ഒരു ഓവറിൽ 11.20 എന്ന നിരക്കിൽ സ്‌കോർ ചെയ്യുന്നുണ്ട്.
ഹെറ്റ്‌മെയറിനൊപ്പം ആര്‍ അശ്വിന്‍, ധ്രുവ് ജുവല്‍ എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയും ശക്തമാണ്. ദേവ്‌ദത്ത് പടിക്കലിന്‍റെ മെല്ലപ്പോക്കും റിയാൻ പരാഗിന്‍റെ ഫോമില്ലായ്‌മയുമാണ് രാജസ്ഥാന്‍റെ വെല്ലുവിളി. മോശം ഫോമിലും പരാഗ് ടീമിലിടം നേടുന്നത് കൗതുകകരമാണ്.
ബോളിങ്ങിലാണ് രാജസ്ഥാന്‍ നിലവില്‍ വെല്ലുവിളി നേരിടുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ട്രെന്‍റ് ബോൾട്ട് നിറം മങ്ങിയപ്പോള്‍ സന്ദീപ് ശർമ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് രാജസ്ഥാന് തുണയായത്. ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ അല്ലാതെ മറ്റ് വിദേശ പേസര്‍മാരില്ലാത്തതും ടീമിന് തിരിച്ചടിയാണ്.
മറുവശത്ത് സ്ഥിരതയില്ലായ്‌മയാണ് ലഖ്‌നൗ നേരിടുന്ന പ്രശ്‌നം. നായകൻ കെഎൽ രാഹുൽ-കൈൽ മയേഴ്‌സ് ഓപ്പണിങ് സഖ്യത്തിലാണ് പ്രതീക്ഷ. രാഹുലിന്‍റെ മെല്ലപ്പോക്കിലും കൈൽ മയേഴ്‌സ് നടത്തുന്ന വെടിക്കെട്ടാണ് ലഖ്‌നൗ ഇന്നിങ്‌സിന്‍റെ കരുത്ത്. നികൊളാസ് പുരാന്‍റെ ബാറ്റിങ്ങും മധ്യ ഓവറുകളിൽ ടീമിന് തുണയാകും.
പിച്ച് റിപ്പോർട്ട്: ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരമാണ് സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നത്. വേദി ഇതുവരെ 47 ഐപിഎൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചു. അതിൽ രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമുകൾ 32 മത്സരങ്ങൾ വിജയിച്ചു. ഈ വേദിയിലെ ശരാശരി ഒന്നാം ഇന്നിങ്സ് 157 റൺസാണ്.
രാജസ്ഥാന്‍ റോയല്‍സ് സാധ്യത ഇലവൻ: യശസ്വി ജെയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, ആർ അശ്വിൻ, ആദം സാമ്പ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് സാധ്യത ഇലവന്‍: കെഎൽ രാഹുൽ, കൈൽ മയേഴ്‌സ്, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, നികൊളാസ് പുരാൻ, മാർകസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, കെ ഗൗതം, അവേഷ് ഖാൻ, മാർക് വുഡ്, യുധ്വീർ സിങ്