അഹമ്മദാബാദ്: ഐപിഎൽ പതിനാറാം പതിപ്പിൽ ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇന്നിറങ്ങും. ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്ക് ആണ് രണ്ടാം ക്വാളിഫയർ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീം ഞായറാഴ്‌ച നടക്കുന്ന കലാശപോരാട്ടത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിൽ എത്തിയ ഗുജറാത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് 15 റൺസിന് തോൽവി വഴങ്ങിയിരുന്നു. എലിമിനേറ്ററിൽ ലഖ്‌നൗവിനെതിരെ 81 റൺസിന്‍റെ വമ്പൻ ജയം സ്വന്തമാക്കിയാണ് രണ്ടാം ക്വാളിഫയറിലേക്ക് മുംബൈ ഇന്ത്യൻസ് യോഗ്യത നേടിയത്. ഈ സീസണിൽ ഇരുടീമും നേർക്കുനേർ വരുന്ന മൂന്നാമത്തെ മത്സരം കൂടിയാണിത്.
നേരത്തെ, ലീഗ് സ്റ്റേജിൽ രണ്ട് പ്രാവശ്യം തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തും മുംബൈയും ഓരോ മത്സരങ്ങളിൽ ആണ് ജയിച്ചത്. അഹമ്മദാബാദിൽ ഗുജറാത്ത് ആദ്യം 55 റൺസിന് ജയിച്ചപ്പോൾ വാങ്കഡെയിൽ നടന്ന രണ്ടാം മത്സരത്തിൽ 27 റൺസിന്‍റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇന്ന് ഇരു ടീമും വീണ്ടും നേർക്കുനേർ വരുമ്പോൾ ഐപിഎൽ പതിനാറാം പതിപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടത്തിന് കൂടിയാകും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം വേദിയാകുക.
'ഗില്ലാ'ട്ടത്തിനായി ഗുജറാത്ത്: ബാറ്റര്‍മാര്‍ മികവിലേക്ക് ഉയരാതിരുന്നതാണ് ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടിയായത്. ശുഭ്‌മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ചെപ്പോക്കില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ന് അഹമ്മദാബാദില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോഴും ശുഭ്‌മാന്‍ ഗില്ലിലാണ് ഗുജറാത്തിന്‍റെ റണ്‍സ് പ്രതീക്ഷ.
ഈ സീസണില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പടെ 722 റണ്‍സടിച്ച ഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഗില്ലിനൊപ്പം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരിലൊരാളെങ്കിലും താളം കണ്ടെത്തിയാല്‍ ഗുജറാത്തിന് വമ്പന്‍ സ്കോര്‍ സ്വപ്‌നം കാണാം. റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ പ്രകടനവും ഇന്നത്തെ പോരാട്ടത്തില്‍ ടൈറ്റന്‍സിന് നിര്‍ണായകമാകും.
മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ ജോഡിയിലാണ് ഗുജറാത്തിന്‍റെ ബൗളിങ് പ്രതീക്ഷയും. സീസണിലെ വിക്കറ്റ് വേട്ടയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇരുവരും ഇതുവരെ 51 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവരുടെ പ്രകടനത്തെയും ഹാര്‍ദികും സംഘവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
മധ്വാള്‍ 'മായാജാലം'കാത്ത് മുംബൈ: ബാറ്റിങ് കരുത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്ക് കുതിച്ചത്. എന്നാല്‍, എലിമിനേറ്ററില്‍ ബൗളര്‍മാരാണ് രോഹിതിനും സംഘത്തിനും ലഖ്‌നൗവിനെതിരെ വമ്പന്‍ ജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആകാശ് മധ്വാളിലാണ് ഇന്നും ടീമിന്‍റെ പ്രതീക്ഷ.
നിര്‍ണായക ഘട്ടങ്ങളില്‍ ക്രിസ് ഗ്രീന്‍ റണ്‍സടിക്കുന്നത് മുംബൈക്ക് ആശ്വാസം. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ ബാറ്റിലും ടീം ഇന്ന് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. നായകന്‍ രോഹിത് ശര്‍മയും മികവിലേക്ക് ഉയര്‍ന്നാല്‍ ബാറ്റിങ്ങില്‍ മുംബൈക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്‌പിന്നര്‍ പിയൂഷ് ചൗളയുടെ പ്രകടനവും നിര്‍ണായകമാണ്.
Also Read : IPL 2023 | 'അടിവാരത്ത് നിന്ന് കിരീടത്തിനരികെ, മുംബൈ ആരെയും വിറപ്പിക്കും': മാത്യു ഹെയ്‌ഡന്‍