ഹൈദരാബാദ് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ ഇന്നിങ്‌സ് എറെ ശ്രദ്ധേയമായിരുന്നു. ഹൈദരാബാദിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 143 റണ്‍സ് എടുക്കാന്‍ സാധിച്ചത്.
അപരാജിതനായി പൊരുതിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ ഇന്നിങ്‌സായിരുന്നു പഞ്ചാബിനെ പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്. പുറത്താവാതെ 66 പന്തില്‍ 99 റണ്‍സായിരുന്നു ധവാന്‍ നേടിയത്. 15 പന്തില്‍ 22 റണ്‍സ് കണ്ടെത്തിയ സാം കറനായിരുന്നു പഞ്ചാബ് നിരയില്‍ രണ്ടക്കം തൊട്ട മറ്റൊരു താരം. 15 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 88 റണ്‍സ് എന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തിയിരുന്നു.
എന്നാല്‍ തുടര്‍ന്നെത്തിയ മോഹിത് റാത്തിയെ (2 പന്തില്‍ 1*) ഒരറ്റത്ത് നിര്‍ത്തിയാണ് ധവാന്‍ പഞ്ചാബിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. അവസാന വിക്കറ്റില്‍ പിരിയാതെ 55 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു മോഹിത് റാത്തും ധവാനും നേടിയത്. പഞ്ചാബ് കിങ്സ് നായകന്‍റെ ഈ പ്രകടനത്തെ പുകഴ്‌ത്തിയിരിക്കുകയാണ് വെസ്‌റ്റ്‌ഇന്‍ഡീസ് ഇതിഹാസങ്ങളായ ക്രിസ് ഗെയ്‌ലും ബ്രയാന്‍ ലാറയും.
ഏറ്റവും മികച്ച ടി20 ഇന്നിങ്‌സ് : താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ടി20 ഇന്നിങ്‌സുകളില്‍ ഒന്നാണ് ധവാന്‍റേതെന്നാണ് ബ്രയാന്‍ ലാറ പ്രതികരിച്ചത്. "ശിഖർ ധവാന്‍ ആ പ്രകടനത്തിന് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണിത്. അവന്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് മത്സരം പൂർണമായും നിയന്ത്രണത്തിലാക്കിയ രീതി ഏറെ മികച്ചതായിരുന്നു" - ബ്രയാന്‍ ലാറ പറഞ്ഞു.
ഐപിഎല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് ലാറയുടെ പ്രതികരണം. വിന്‍ഡീസിന്‍റെ മുന്‍ താരം ക്രിസ് ഗെയ്‌ലും ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നു. ബ്രയാന്‍ ലാറയുടെ അഭിപ്രായത്തോട് യോജിച്ച ഗെയ്‌ല്‍ അര്‍ഹിച്ച സെഞ്ചുറിയാണ് ധവാന് വെറും ഒരു റണ്‍സ് അകലത്തില്‍ നഷ്‌ടപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു.
"തന്‍റെ ടീമിനായി മികച്ച പ്രകടനമായിരുന്നു ശിഖർ ധവാന്‍ നടത്തിയത്. ഒരറ്റത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടമാകുമ്പോള്‍ ഇങ്ങനെ ഒരു ഇന്നിങ്‌സ് കളിക്കുന്നത് എളുപ്പമാകില്ല. വാലറ്റക്കാരനെ കൂട്ടുപിടിച്ച് പഞ്ചാബിനെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കാനും വ്യക്തിഗത ടോട്ടല്‍ 99 റണ്‍സില്‍ എത്തിക്കാനും കഴിഞ്ഞ ധവാന്‍റെ ഇന്നിങ്‌സ് പ്രത്യേകത ഉള്ളതാണ്.
തീര്‍ച്ചയായും അവന്‍ ഒരു സെഞ്ചുറിക്ക് അർഹനാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഐപിഎല്ലിൽ നിങ്ങൾ കണ്ടേക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണിത്" - ക്രിസ് ഗെയ്‌ല്‍ വ്യക്തമാക്കി.
അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബ് കിങ്‌സ് തോല്‍വി വഴങ്ങിയത്. പഞ്ചാബ് മുന്നോട്ടുവച്ച 144 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയുടെ പ്രകടനമായിരുന്നു ഹൈദരാബാദിന് സീസണിലെ ആദ്യ വിജയം ഒരുക്കിയത്. 47 പന്തില്‍ പുറത്താവാതെ 70 റണ്‍സാണ് ത്രിപാഠി നേടിയത്.