ലഖ്‌നൗ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയിരുന്നു. പ്ലേ-ഓഫ് ഉറപ്പിക്കാന്‍ ഏറെ നിര്‍ണായകമായിരുന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു രോഹിത് ശര്‍മയും സംഘവും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് കീഴടങ്ങിയത്. സ്വന്തം തട്ടകമായ ഏകന സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലഖ്‌നൗ 178 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്.
എന്നാല്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ. ബാറ്റിങ്ങില്‍ മോശം തുടക്കം ലഭിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തുടര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ എത്തിയത്. ഡെത്ത് ഓവറുകളില്‍ അധിക റണ്‍സ് വഴങ്ങുകയെന്ന പതിവ് പല്ലവി ഇക്കുറിയും മുംബൈ ബോളര്‍മാര്‍ ആവര്‍ത്തിച്ചു.
ക്രിസ് ജോർദാൻ എറിഞ്ഞ 17-ാം ഓവറില്‍ 24 റണ്‍സാണ് ക്രീസിലുണ്ടായിരുന്ന മാര്‍ക്കസ് സ്റ്റോയിനിസ് അടിച്ചെടുത്തത്. ഇതടക്കം അവസാന മൂന്ന് ഓവറുകളില്‍ മാത്രം അന്‍പതില്‍ ഏറെ റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് ബോളര്‍മാര്‍ വഴങ്ങിയത്. ഇപ്പോഴിതാ ബോളിങ് യൂണിറ്റിന്‍റെ ഈ മോശം പ്രകടനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ടീമിന്‍റെ ബോളിങ് പരിശീലകന്‍ ഷെയ്ൻ ബോണ്ട്.
മുംബൈ ബോളര്‍മാര്‍ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നാണ് ഷെയ്ൻ ബോണ്ട് പറയുന്നത്. "ഞങ്ങൾ സംസാരിക്കുന്ന പദ്ധതികളിൽ അവര്‍ ഉറച്ചുനിൽക്കാത്തതാണ് എന്നെ സംബന്ധിച്ചിടത്തോളം, ഏറ്റവും നിരാശാജനകമായ കാര്യം. മാർക്കസിനെ (സ്റ്റോയിനിസ്) പോലുള്ള ഒരു കളിക്കാരനെതിരെ ഈ വിക്കറ്റില്‍ എന്താണ് ചെയ്യേണ്ടതെന്നും എവിടെയാണ് ബോള്‍ ചെയ്യേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ടീം പ്ലാന്‍ അനുസരിച്ചാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍, നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തേക്ക് ബാറ്റര്‍മാര്‍ പന്തടിക്കേണ്ടതുണ്ട്. അല്ലാതെ അവര്‍ ആഗ്രഹിക്കുന്നയിടത്തേക്കല്ല.
അതിനായി അവർക്ക് കഴിയുന്നത്ര പ്രയാസമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്" - ഷെയ്ൻ ബോണ്ട് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുംബൈ പരിശീലകന്‍റെ വാക്കുകള്‍.
"സ്റ്റോയിനിസ് ഒരു മികച്ച കളിക്കാരനാണ്. അവൻ ഗ്രൗണ്ടിലേക്ക് നേരിട്ട് പന്തടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുചെയ്യാന്‍ ഞങ്ങള്‍ അവന് പന്തുകള്‍ നല്‍കുകയും ചെയ്‌തു. ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം സ്റ്റോയിനിസിന്‍റെ ഇന്നിങ്‌സായിരുന്നു" - ഷെയ്ൻ ബോണ്ട് പറഞ്ഞു.
മത്സരത്തില്‍ 47 പന്തിൽ പുറത്താകാതെ 89 റൺസായിരുന്നു മാര്‍ക്കസ് സ്റ്റോയിനിസ് അടിച്ച് കൂട്ടിയത്. ദീപ് ഹുഡ (7 പന്തില്‍ 5), പ്രേരക് മങ്കാദ് (1 പന്തില്‍ 0), ക്വിന്‍റണ്‍ ഡി കോക്ക് (15 പന്തില്‍ 16) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 6.1 ഓവറില്‍ 35/3 എന്ന നിലയിലേക്ക് ലഖ്‌നൗ തകര്‍ന്നിരുന്നു. തുടര്‍ന്ന് സ്റ്റോയിനിസ് നടത്തിയ പോരാട്ടമാണ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സെന്ന നിലയിലേക്ക് ലഖ്‌നൗവിനെ എത്തിച്ചത്.
ALSO READ: പോണ്ടിങ് പുറത്തായാല്‍ പകരമാര്?; ഡല്‍ഹിയുടെ പരിശീലക സ്ഥാനത്തേക്ക് വമ്പന്‍ പേരുമായി ഇര്‍ഫാന്‍ പഠാന്‍
ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ (42 പന്തില്‍ 49) പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 82 റണ്‍സാണ് ക്രുനാലും സ്റ്റോയിനിസും ചേര്‍ന്ന് നേടിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് 17-ാം ഓവറിന് മുമ്പ് ക്രുനാല്‍ തിരിച്ച് കയറിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. മറുപടിക്കിറങ്ങിയ മുംബൈക്കായി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും 90 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ക്ക് ഈ മിന്നും തുടക്കം മുതലാക്കാന്‍ കഴിഞ്ഞില്ല.